General News

10 സംസ്ഥാനങ്ങളിലായി 66കാരൻ നടത്തിയത് 27 വിവാഹങ്ങൾ – മിക്ക വധുകളും ഡോക്ടർമാർ – നാലു വർഷത്തെ ഇദ്ദേഹത്തിന്റെ പരുപാടി കണ്ടോ ?

ഓരോ ദിവസവും പത്രത്തിൽ വരുന്ന ഓരോ വാർത്തകൾ കാണുമ്പോൾ മൂക്കത്ത് കൈ വെച്ചു പോകും.

അത്രയേറെ കേട്ടാൽ ഞെട്ടുന്ന വാർത്തകളാണ് ദിനംപ്രതി പുറത്തു വരുന്നത്. വിവാഹത്തട്ടിപ്പ് വീരന്മാരെ കുറിച്ചുള്ള വാർത്തകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്. സ്ത്രീധനത്തിന് വേണ്ടിയും പണം തട്ടാനും പെൺകുട്ടികളെ വിവാഹം കഴിച്ച് പിന്നീട് കടന്ന് കളയുകയും വേറെ സ്ഥലത്ത് പോയി വീണ്ടും വിവാഹം കഴിക്കുകയും ചെയ്യുന്നതാണ് ഇത്തരം വീരന്മാരുടെ പരിപാടി.

പൊതുവേ ചെറുപ്പക്കാരെയാണ് വിവാഹ തട്ടിപ്പ് കേസുകളിൽ കൂടുതലായും പിടികൂടാറുള്ളത്. എന്നാൽ ഇപ്പോഴിതാ 66കാരനെയാണ് വിവാഹ തട്ടിപ്പിൽ പിടിച്ചിരിക്കുന്നത്. അഞ്ചടി രണ്ട് ഇഞ്ച് ഉയരം ഉള്ള പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള 66കാരൻ, ഡോക്ടർ ആണെന്ന വ്യാജേന ആയിരുന്നു സ്ത്രീകളെ കബളിപ്പിച്ച് 10 സംസ്ഥാനങ്ങളിലായി 27 വിവാഹങ്ങൾ നടത്തിയത്. ഏറ്റവും ഒടുവിൽ ഒഡീഷയിൽ നിന്നും ആയിരുന്നു വിവാഹ തട്ടിപ്പ് വീരനെ പിടികൂടിയത്.

പത്തു സംസ്ഥാനങ്ങളിൽ നിന്നും രമേശ് കുമാർ 27 വിവാഹങ്ങളാണ് കഴിച്ചിരിക്കുന്നത്. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാൾ ഡോക്ടർ ആണെന്ന് പറഞ്ഞു വിവാഹം കഴിച്ചവരുടെ ജോലി കേട്ടാൽ ആരും ഒന്നു ഞെട്ടിപ്പോകും. 27 ഭാര്യമാരുടെ കൂട്ടത്തിൽ സുപ്രീം കോടതി അഭിഭാഷക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥ, ചാർട്ടേഡ് അക്കൗണ്ടന്റ്, അർദ്ധസൈനിക സേനയിലെ ഉദ്യോഗസ്ഥ, ഇൻഷുറൻസ് കമ്പനിയിൽ ഒരു സീനിയർ എക്സിക്യൂട്ടീവ്, ഡോക്ടർമാർ എന്നിവർ ഉൾപ്പെടുന്നു.

സംശയത്തിന്റെ ഒരു തരിമ്പു പോലും അവശേഷിപ്പിക്കാതെ ആയിരുന്നു പത്താംക്ലാസ് ബുദ്ധി ഉപയോഗിച്ച് അയാൾ ഇവരെ എല്ലാവരെയും കബളിപ്പിച്ചത്. എന്നാലും ഇതെങ്ങനെ സാധിച്ചു എന്നത് ഇന്നും ചുരുളഴിയാത്ത ഒരു ദുരൂഹത ആണ്. ഇയാളുടെ ഭാര്യമാരെ കണ്ടെത്താൻ ആയി ഭുവനേശ്വർ പൊലീസിന് ഒരു പ്രത്യേക ടാസ്ക് ഫോഴ്സ് തന്നെ രൂപീകരിക്കേണ്ടി വന്നു. ഇയാൾ കബളിപ്പിച്ച 90 സ്ത്രീകളെ ആയിരുന്നു പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നേരിട്ട് കണ്ടത്.

2021 മെയിലാണ് ഭുവനേശ്വരിലെയും കട്ടക്കലിലെയും പോലീസ് കമ്മീഷണറേറ്റിലേക്ക് ഡൽഹിയിലെ 48 കാരിയായ സ്കൂൾ അധ്യാപികയിൽ നിന്ന് ഒരു ഫോൺ കോൾ വരുന്നത്. ഭർത്താവ് ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട് എന്നും തന്നെ കബളിപ്പിക്കുകയായിരുന്നു എന്നായിരുന്നു ആ സ്കൂൾ അധ്യാപികയുടെ പരാതി. ഇവരുടെ 13 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തു എന്നും പരാതിയിൽ ഉണ്ടായിരുന്നു. തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉമാ ശങ്കർ ദാഷിന്റെ നിർദേശപ്രകാരം വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ രമേശിന്റെ ഫോൺനമ്പർ, നിരവധി താമസസ്ഥലത്തിന്റെ വിലാസങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ പോലീസിന്റെ കണ്ണുവെട്ടിച്ച് തട്ടിപ്പുകാരൻ കടന്നുകളയുകയായിരുന്നു. പിന്നീട് ഇയാളുടെ ഫോൺ ട്രാക്ക് ചെയ്തപ്പോൾ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഇയാളെ കണ്ടെത്തുന്ന സ്ഥലത്തെല്ലാം അയാൾക്ക് ഭാര്യമാരുണ്ടായിരുന്നു. ഒരിടത്തും അധികനാൾ താമസിക്കാതിരുന്നതിനാൽ തന്റെ പേരിൽ കേസെടുത്തിട്ടുള്ള കാര്യം രമേശൻ അറിഞ്ഞിട്ടില്ലായിരുന്നു.

ഫെബ്രുവരി 14ന് ഭുവനേശ്വറിലെ ശനി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയപ്പോഴാണ് പോലീസ് ഇയാളെ കയ്യോടെ പിടി കൂടിയത്. ഓൺലൈൻ മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഡൽഹി ആസ്ഥാനമായുള്ള അധ്യാപിക ബിബു പ്രസാദ് സൈനയെ പരിചയപ്പെടുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ പരിശീലനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആണ് താൻ എന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു അധ്യാപികയെ വിവാഹം കഴിക്കുന്നത്.

ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമുള്ള രമേശ് കുമാർ 1956ലാണ് ജനിച്ചതെങ്കിലും വ്യാജരേഖകൾ വഴി 1971 ജനന വർഷമായി നൽകി. 2018 ജൂലൈ 29ന് ന്യൂഡൽഹിയിലെ ജനക്പുരിയിലെ ആര്യസമാജം ക്ഷേത്രത്തിൽ വച്ചായിരുന്നു അധ്യാപികയുമായിട്ടുള്ള വിവാഹം. ഭുവനേശ്വറിൽ താമസിക്കുന്ന സമയത്തായിരുന്നു മറ്റ് രണ്ടു ഭാര്യമാരും ഉണ്ടെന്ന് അയാളുടെ വേലക്കാരിയിൽ നിന്നും സ്കൂൾ അധ്യാപിക മനസ്സിലാക്കിയത്.

ഇത് അയാളോട് ചോദിക്കാൻ നോക്കിയപ്പോൾ അവളെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. അങ്ങനെയായിരുന്നു അയാളറിയാതെ ഫോണിലൂടെ കബളിപ്പിച്ച മറ്റു സ്ത്രീകളുമായി അധ്യാപിക രഹസ്യമായി പരിചയപ്പെടുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തത്. അങ്ങനെ ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകൾ വഴി ഇയാളുടെ പ്രൊഫൈൽ കണ്ടു വിവാഹം കഴിക്കാൻ സമ്മതിച്ച മറ്റു സ്ത്രീകളെ വിളിച്ചു നിലവിലെ ഭാര്യമാർ മുന്നറിയിപ്പു നൽകി. ഡോക്ടർ ബിജയ്ശ്രീ രമേശ് കുമാർ, ഡോക്ടർ ബിധു പ്രകാശ് സെയിൻ, രമേശ് ചന്ദ്ര സെയിൻ, ഡോക്ടർ രമണി രഞ്ജൻ സെയിൻ എന്നീ പേരുകളിലാണ് അയാൾ ഓരോ ഭാര്യമാരെ പരിചയപ്പെടുന്നത്.

ഉയർന്ന നിലവാരത്തിലുള്ള ഹൗസിംഗ് സൊസൈറ്റികളിൽ 3 അപ്പാർട്മെന്റുകൾ വാടകയ്ക്ക് എടുത്തിരുന്നു. വിവാഹം കഴിച്ച് സ്ത്രീകളിൽ ഭൂരിഭാഗവും പേരെയും ഈ അപ്പാർട്മെന്റുകളിലേക്ക് ആയിരുന്നു കൊണ്ട് വന്നത്. 2018 ന് ശേഷം 25 വിവാഹങ്ങൾ ആയിരുന്നു ഇയാൾ കഴിച്ചത്. ഓരോ തവണയും തന്ത്രങ്ങൾ മാറ്റി ആയിരുന്നു സ്ത്രീകൾ ഓരോരുത്തരെയും പറ്റിച്ചത്. തനിച്ചു താമസിക്കുന്നവരും മധ്യവയസ്കരും ആയ സ്ത്രീകളായിരുന്നു ഇയാളുടെ ഇരകളിൽ കൂടുതലും.

The Latest

To Top