ഹൃദയമിടിപ്പ് നിന്നു മരണത്തിൽനിന്നും വീണ്ടും ജീവിതത്തിലേക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു വന്ന ഒരുപാട് കഥകൾ നമ്മൾ സിനിമകളിലും നോവലുകളിലും കണ്ടിട്ടുണ്ട്.
എന്നാൽ ഇപ്പോൾ യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഉണ്ടായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കേട്ടാൽ ഞെട്ടിക്കുന്ന ഈ വാർത്ത വന്നിരിക്കുന്നത് തെലുങ്കാനയിൽ നിന്നുമാണ്. പലപ്പോഴും മരുന്നുകൾ ഭേദമാകാത്ത അസുഖങ്ങൾ പ്രിയപ്പെട്ടവരുടെ പരിചരണവും സ്നേഹവും കൊണ്ട് മാറ്റാൻ സാധിക്കും എന്ന് ഡോക്ടർമാർ പോലും പറയും.
നിസ്വാർത്ഥമായ നിരുപാധികമായ സ്നേഹത്തിന്റെ ഉറവിടമാണ് അമ്മ. കുഞ്ഞിന് ജന്മം നൽകി മരിച്ചുപോയ ഒരുപാട് അമ്മമാരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അതെല്ലാം അറിഞ്ഞിട്ടു പോലും, എല്ലുകൾ നുറുങ്ങുന്നതിനേക്കാൾ വേദനയുള്ള അനുഭവങ്ങളിലൂടെ കടന്നു ആണ് ഓരോ അമ്മമാരും അവരുടെ കുഞ്ഞുങ്ങളെ നൊന്തു പ്രസവിക്കുന്നത്. അമ്മ ആയതിനു ശേഷം പിന്നീട് ആ സ്ത്രീ അവൾക്കു വേണ്ടി ജീവിക്കുന്നില്ല എന്ന് തന്നെ പറയാം.
മക്കൾ മാത്രമായിരിക്കും അമ്മയുടെ ലോകം. അമ്മയുടെ സ്നേഹമോളം മറ്റൊന്നും വിശുദ്ധം അല്ല ഈ ലോകത്ത്. ശാസ്ത്ര ലോകം മുഴുവനും മരിച്ചെന്ന് വിധിയെഴുതിയ സ്വന്തം മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിരിക്കുന്നു മാതൃ സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കുട്ടി മരിച്ചെന്ന് വിധിയെഴുതി സംസ്കാരചടങ്ങിൽ കൊണ്ടുപോയ മകനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് സ്വന്തം അമ്മ ആയിരുന്നു.
അമ്മയാണ് കൺകണ്ട ദൈവം എന്ന് പറയുന്നത് എത്ര സത്യം എന്ന് തോന്നിപ്പിക്കുന്ന ഈ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയം ആയിരിക്കുന്നത്. കിരൺ എന്ന കുട്ടിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിനാലുവർഷം മുമ്പ് അച്ഛൻ മരണപ്പെട്ട കിരണിനെ വളർത്തിയതും വലുതാക്കിയതും എല്ലാം അമ്മയാണ്. ബിരുദ വിദ്യാർഥിയായിരുന്ന കിരണിന് കടുത്ത തലവേദനയും ശർദ്ദിയും അനുഭവിച്ചത് കൊണ്ടായിരുന്നു ആശുപത്രിയിലെത്തിച്ചത്.
വിശദമായ പരിശോധനയിലൂടെ ആണ് കിരണിന് മഞ്ഞപ്പിത്തം ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ ആയിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. കിരണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ മകനെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അമ്മ. പിന്നീടുള്ള ദിവസങ്ങൾ ജീവിതത്തിനോടും മരണത്തോടും മല്ലിടുകയായിരുന്നു കിരൺ. ഒടുവിൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ച പോലെ കിരൺ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി.
തുടർന്ന് എല്ലാ ജീവിൻ രക്ഷാമാർഗങ്ങളും നിർത്തിവെച്ച് മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴും തന്റെ മകൻ തന്നെ വിട്ടു പോകില്ല എന്ന് ആ അമ്മ ഉറച്ചു വിശ്വസിച്ചു. ആ മകനായിരുന്നു അമ്മയുടെ ലോകം. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് ആംബുലൻസിൽ ആയിരുന്നു കിരണിന്റെ ശരീരം കൊണ്ടു പോയത്. ആംബുലൻസ് വീട്ടിലേക്ക് എത്താൻ ആവുമ്പോൾ ആയിരുന്നു കിരൺ ശ്വസിക്കുന്നുണ്ട് എന്ന് അമ്മയുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഉടനെ മരണാനന്തര ചടങ്ങുകൾ നിർത്തിവെച്ച അമ്മ മകനെ വാത്സല്യത്തോടെ പേര് വിളിച്ചു കൊണ്ടിരുന്നു. അമ്മയുടെ വാത്സല്യത്തോടെയും സ്നേഹത്തോടെയുള്ള വിളികേട്ട് ഉണരാതിരിക്കാൻ കിരണിന് കഴിഞ്ഞില്ല. മകന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് എല്ലാവരും ശ്രദ്ധിച്ചു. ഉടൻ തന്നെ കിരണിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കിരണിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുകയും മുൻപത്തേക്കാൾ ഹൃദയമിടിപ്പ് ശക്തമാണെന്ന് തിരിച്ചറിയുകയും ചെയ്തു.
മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം എന്ന് കിരണിന്റെ അമ്മയ്ക്ക് ഡോക്ടർമാർ ഉറപ്പു നൽകി. എന്നാൽ മികച്ച ഒരു ആശുപത്രിയിലേക്ക് കിരണിനെ മാറ്റണമെന്നും അവർ നിർദ്ദേശിച്ചു. ഹൈദരാബാദിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കിരണിനെ കൊണ്ടു പോയി. മികച്ച ചികിത്സ ലഭിച്ചതോടെ സുഖം പ്രാപിച്ചു തിരികെ ജീവിതത്തിലേക്ക് മടങ്ങി വരികയാണ് കിരൺ.
ഹൈദ്രാബാദിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ കിരൺ പൂർണ്ണ ആരോഗ്യവാനാകുമെന്ന് ഡോക്ടർമാർ ഉറപ്പു നൽകി. സ്നേഹം കൊണ്ടും പ്രതീക്ഷ കൊണ്ടും ഒരു അമ്മ മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന ഹൃദയഹാരിയായ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മരണത്തിനു പോലും മകനെ വിട്ടുകൊടുക്കാത്ത അമ്മയുടെ സ്നേഹത്തിന് നിറഞ്ഞ കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ.
