മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ശരണ്യ ശശി അന്തരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി ആയ ശരണ്യ നിരവധി പരമ്പരകളിൽ വില്ലത്തി ആയും നായികയായും തിളങ്ങിയിട്ടുണ്ട്. 2012ലെ ഒരു തെലുങ്ക് പരമ്പരയുടെ ചിത്രീകരണത്തിനിടയിൽ അസഹ്യമായ തലവേദന അനുഭവിച്ചതിനെ തുടർന്ന് ചികിത്സ തേടിയപ്പോൾ ആയിരുന്നു ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. എന്നാൽ കഠിനമായ ആത്മവിശ്വാസവും തളരാത്ത ഒരു ഹൃദയവും കൊണ്ട് ഈ രോഗത്തോട് പോരാടി ജീവിതത്തിലേക്ക് ഓരോ തവണയും മടങ്ങിവന്നു താരം. ഓരോ വർഷവും ട്യൂമറിന് ഉള്ള ശസ്ത്രക്രിയ കഴിഞ്ഞ് ട്യൂമറിനെ തോൽപ്പിച്ച് മടങ്ങിയെത്തുമായിരുന്നു ശരണ്യ. തുടരെയുള്ള സർജറി കളും റേഡിയേഷനും ശരണ്യയുടെ ശരീരത്തെ തളർത്തിയെങ്കിലും ആ ചിരി മായ്ക്കുവാൻ ഒരു അസുഖത്തിനും കഴിഞ്ഞില്ല.
ശാരീരികവും മാനസികവുമായി തളർന്ന ശരണ്യയ്ക്ക് ചികിത്സ ചെലവുകൾക്ക് വേണ്ടി സമ്പാദ്യം മുഴുവൻ വിൽക്കേണ്ടി വന്നു. എങ്കിലും ഓരോ പ്രതിസന്ധികളെയും പുഞ്ചിരിയോടു കൂടി തന്നെ ശരണ്യ അഭിമുഖീകരിച്ചു. ശരണ്യയുടെ യാത്രയിൽ ഒരു ചേച്ചിയെ പോലെ സ്നേഹവും പിന്തുണയുമായി സീമ ജി നായർ ഒപ്പമുണ്ടായിരുന്നു. ഇതിനിടയിൽ “സിറ്റി ലൈറ്റിസ്” എന്ന യൂട്യൂബ് ചാനൽ ആരംഭിച്ച ശരണ്യ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു. അടുത്തിടെ ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് വെളിപ്പെടുത്തി സീമ ജി നായർ രംഗത്തെത്തിയിരുന്നു. കോവിഡ് ബാധിച്ചതിന് ശേഷം ശരണ്യയുടെ ആരോഗ്യനില വളരെ മോശമായി വെന്റിലേറിലായിരുന്നു. ഇതിനിടയിൽ കീമോതെറാപ്പിക്കും വിധേയയായ താരം വർഷങ്ങളായി അനുഭവിക്കുന്ന വേദനകളിൽ നിന്നും മുക്ത ആയിരിക്കുകയാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു താരത്തിന്റെ അന്ത്യം.
