General News

ലക്ഷങ്ങൾ മുടക്കി പണിയുന്ന വീടിന്റെ ചുമരുകളിൽ പെയിന്റ് പൊളിഞ്ഞ് പൂപ്പൽ പോലെ വരുന്നത് എന്ത് കൊണ്ട്.?

സ്വന്തമായി ഒരു വീട് എന്നത് പലരുടെയും സ്വപ്നമാണ്.

വീട് പണിയാൻ നോക്കുമ്പോൾ ഒരു നൂറ് അഭിപ്രായങ്ങൾ എങ്കിലും ആളുകൾ പറയും. അതിൽ ചിലതെല്ലാം നല്ലതായിരിക്കാം ചിലത് ആവശ്യമില്ലാത്തതുമായിരിക്കും. എന്നാൽ ബന്ധുക്കളുടെയും അയൽക്കാരുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ആകെ ഒരു എത്തും പിടിയും കിട്ടാതെ വരും. അങ്ങനെ വീടു പണിയുന്നവർ കടന്നു പോകുന്ന ഒരുപാട് പ്രതിസന്ധികൾ ഉണ്ട്.

കോടികൾ മുടക്കി പണിത വീടിനെ നോക്കി, ഈ വീടിനു ചിലവാക്കിയ കോടികൾ കൊണ്ട് എത്ര ആളുകൾക്ക് ഭക്ഷണം നൽകാം എന്ന് പറയുമ്പോൾ ആ വീട് ഉണ്ടാക്കിയത് കൊണ്ട് എത്ര പണിക്കാർക്ക് വരുമാനം ലഭിച്ചെന്നും അത് വഴി എത്ര കുടുംബങ്ങൾക്ക് ഭക്ഷണം കിട്ടി എന്നും ആരും ഓർക്കുന്നില്ല. വീടിന് വേണ്ടി ഉള്ള സമ്പാദ്യം മുഴുവനും ചിലവഴിക്കാനും, കടം വാങ്ങിക്കാനും മലയാളികൾക്ക് മടിയില്ല. അത്രയേറെ പ്രധാനപ്പെട്ട നമ്മുടെ സ്വപ്നം ആണ് വീട്.

അങ്ങനെ ലക്ഷങ്ങൾ മുടക്കി അത്രയേറെ ആഗ്രഹിച്ച് ഉണ്ടാക്കിയ വീട്ടിൽ കുറച്ചു കഴിയുമ്പോൾ തറയോട് ചേർന്ന് ചുവരുകളിൽ പെയിന്റ് പൊളിഞ്ഞു പോകുന്നതും വെളുത്ത നിറത്തിൽ പൂപ്പൽ പിടിച്ചതു പോലെ ഒരു പൊടി കാണപ്പെടുന്നതും സർവ്വസാധാരണമാണ്. ഇതിന് കോൺട്രാക്ടർമാർക്കും മേസ്തിരിമാർക്കും എഞ്ചിനീയർമാർക്കും വിവിധ തരത്തിലുള്ള അഭിപ്രായങ്ങളാണ് പറയുന്നത്. അവർ നൽകുന്ന പരിഹാരങ്ങൾ ഒന്നും ഫലം കാണാറുമില്ല.

എന്തു കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അന്വേഷിക്കുമ്പോൾ ചിലർ പറയും തറയിൽ നിന്ന് നനവ് കയറുന്നത് കൊണ്ടാണെന്ന്. എന്നാൽ ബഹുനില കെട്ടിടങ്ങൾ ഉള്ള ഫ്ലാറ്റുകളിൽ പോലും ചുവരുകൾക്ക് ഇതേ അവസ്ഥ ആയിരിക്കും. അപ്പോൾ ചിലർ പറയും ഉപ്പുള്ള മണൽ കൊണ്ട് വീടുപണി നടത്തിയത് കൊണ്ടാണെന്ന്. വീടിന്റെ പ്ലംബിങ് തകരാറുണ്ട് എന്ന് പറയുന്നവരുമുണ്ട്. വാട്ടർ പ്രൂഫിങ് ബിസിനസുകാർ അത് മാത്രമാണ് ഇതിന് പരിഹാരം എന്നും പറയുന്നു.

പറയുന്ന അഭിപ്രായങ്ങളിൽ എല്ലാം ശരിയായതു കൊണ്ടുതന്നെ ഈ കാര്യത്തിൽ ഒരു പരിഹാരം ഇല്ല എന്നതാണ് വസ്തുത. സ്വന്തം വീട്ടിൽ കറണ്ട് പോകുമ്പോൾ ജനൽ തുറന്ന് അടുത്ത വീട്ടിലും പോയിട്ടുണ്ടോ എന്ന് നോക്കി ആശ്വാസം ലഭിക്കുന്നത് പോലെ ഒന്നാണ് ഇത്. ഇത് നമ്മുടെ വീട്ടിലെ മാത്രം ഉള്ള പ്രശ്നമല്ല എന്നും ലോകത്തെല്ലായിടത്തും ഈ പ്രതിഭാസം ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ ആശ്വാസം ഉണ്ടാകും. എഫ്ലോറസൻസ് എന്നാണ് ഈ പ്രതിഭാസത്തിന് ശാസ്ത്രീയനാമം.

കോൺക്രീറ്റിന് അകത്തുള്ള ലവണാംശം കലർന്ന ഈർപ്പം ബാഷ്പീകരിക്കപ്പെടുമ്പോൾ വെള്ളം ബാഷ്പമായി പോവുകയും ബാക്കിയുള്ള ലവണങ്ങൾ പൊടിയായി പ്രതലങ്ങളിൽ അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. സംഭവം ലളിതമാണെങ്കിലും അതിന്റെ കാരണങ്ങൾ സങ്കീർണമായതു കൊണ്ടുതന്നെ പരിഹാരമാർഗങ്ങൾ ഒന്നും ഫലം കാണാറില്ല. രണ്ടു തരത്തിൽ എഫ്ലോറസൻസ് ഉണ്ട്. പ്രൈമറി എഫ്ലോറസൻസ്,സെക്കൻഡറി എഫ്ലോറസൻസ്.

കോൺക്രീറ്റ് പ്ലാസ്റ്ററിങ് എല്ലാം സെറ്റ് ആകുന്ന ക്യൂറിങ്ങ് സ്റ്റേജിൽ ഉള്ളതാണ് പ്രൈമറി എഫ്ലോറസൻസ്. അതായത് കോൺക്രീറ്റിന്റെയും പ്ലാസ്റ്ററിങ്ങിന്റെയും അകത്തുള്ള അമിത ജലാംശം പുറത്തു വന്ന് ബാഷ്പീകരിക്കപ്പെടുമ്പോൾ അവശേഷിക്കുന്ന ലവണങ്ങൾ മൂലം ഉണ്ടാകുന്നത്. എന്നാൽ പുറത്തു നിന്നുമുള്ള ജലാംശം ലവണാംശം ഒക്കെ സെറ്റായി കഴിഞ്ഞ കോൺക്രീറ്റിലേക്ക് കടന്നുകയറി പിന്നീട് കാലാവസ്ഥാമാറ്റങ്ങൾ അനുസരിച്ച് ബാഷ്പീകരിക്കപ്പെടുകയും അത് അവശേഷിക്കുന്നതാണ് സെക്കൻഡറി എഫ്ലോറസൻസ്.

പുതിയ കെട്ടിടങ്ങളിൽ ഉണ്ടാവുന്നതിന് ന്യൂ ബിൽഡിങ് ബ്ലൂ എന്നും വിളിക്കാറുണ്ട്. അകത്തുള്ള ലവണാംശങ്ങളിൽ നല്ലൊരു ശതമാനം ഇതുപോലെ എഫ്ലോറസൻസ് വഴി പുറത്തേക്ക് പോയാൽ പിന്നീട് കുറഞ്ഞു വരും. എന്നാൽ നിർമാണത്തിന് ഉപയോഗിച്ച സാമഗ്രികൾ അനുസരിച്ച് ഇതിനു മാറ്റം വന്നേക്കാം. വളരെ ചുരുങ്ങിയ കാലം കൊണ്ട് വീടു പണി പൂർത്തിയാകുമ്പോൾ അകത്തിരിക്കുന്ന ഈർപ്പത്തിന് പുറത്തുപോകാനുള്ള സമയം ലഭിക്കുന്നില്ല. അതിനുമുമ്പു തന്നെ പുട്ടിയും പെയിന്റടിയുമായി പണി തീർക്കുമ്പോൾ ഈർപ്പത്തിന് എങ്ങനെയെങ്കിലും പുറത്തുവന്നെ മതിയാവൂ.

അതുകൊണ്ട് അത് പുട്ടിയും പെയിന്റും പൊളിച്ചു പുറത്തേക്ക് വരുന്നു. കോൺക്രീറ്റ് പ്ലാസ്റ്ററിംഗ് വേണ്ട രീതിയിൽ നനച്ചുകൊടുത്ത് ക്യൂറിങ്ങ് നടത്താത്തതും ഈ പറഞ്ഞ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശരിയായ രീതിയിൽ ക്യൂറിങ്ങ് നടത്തിയാൽ കോൺക്രീറ്റും പ്ലാസ്റ്ററിങ്ങും ഒക്കെ നന്നായി സെറ്റ് ആവുകയും അതിസൂക്ഷ്മ സുഷിരങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്നു. അങ്ങനെ വെള്ളത്തിന്റെ ആക്രമണത്തെ വലിയൊരളവിൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല പുറത്തുനിന്ന് ഉള്ള ഈർപ്പവും അകത്ത് കയറുന്നത് തടയുകയും ഇതുവഴിയുണ്ടാകുന്ന സെക്കൻഡറി എഫ്ലോറസൻസ് കുറയ്ക്കുകയും ചെയ്യുന്നു.

The Latest

To Top