മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് താരരാജാവ് മോഹൻലാൽ.
ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ “ആറാട്ട്” കഴിഞ്ഞ ദിവസമായിരുന്നു തീയേറ്ററിൽ പ്രദർശനത്തിനെത്തിയത്. പ്രിയദർശൻ സംവിധാനം ചെയ്ത “മരയ്ക്കാർ അറബിക്കടലിലെ സിംഹം”ത്തിനു ശേഷം റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ ആറാട്ട്. “മരയ്ക്കാർ” എന്ന ബ്രഹ്മാണ്ട ചിത്രത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ആയിരുന്നു ഉയർന്നത്. രണ്ടു ദേശീയ പുരസ്കാരം നേടിയ ചിത്രം ആയിരുന്നിട്ടും മനപ്പൂർവം ചിത്രത്തിന് എതിരെ ഡീഗ്രേഡിങ് ചെയ്യുന്ന രീതിയായിരുന്നു സോഷ്യൽ മീഡിയയിൽ കണ്ടത്.
ഉണ്ണിമുകുന്ദൻ നായകനായ “മേപ്പടിയാൻ” എന്ന ചിത്രത്തിനും സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ഇതാ സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് ആറാട്ടിന് വ്യത്യസ്തമായ ട്രോൾ റിവ്യൂയുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശ്രീജിത്ത് പണിക്കർ. സ്വന്തം ഫേസ്‌ബുക്ക് കുറിപ്പിലൂടെ ശ്രീജിത്ത് പങ്കുവെച്ച ട്രോൾ റിവ്യൂ ആണ് ശ്രദ്ധേയമായിരിക്കുന്നത്. ഹിന്ദു മാടമ്പി ആയി മോഹൻലാൽ വീണ്ടുമെത്തിയ ആറാട്ട് സിനിമ കണ്ടു. അത് കൊള്ളില്ല.
ശ്രീകൃഷ്ണന്റെ അമ്പലം കൊണ്ട് ഫേമസ് ആയ സ്ഥലമാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സ്ഥലം. പശുവിനെ പാലിക്കുന്നവൻ എന്ന് അർത്ഥം വരുന്ന ഗോപാലൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇത് പശുവിനെയും കൃഷ്ണനെയും സിനിമയിൽ ഒളിച്ചു കടത്താനുള്ള കുല്സിത ശ്രമമാണെന്ന് കരുതാം. ശുദ്ധ ഹിന്ദുത്വവും ന്യൂനപക്ഷ വിരുദ്ധതയും ആണ് സിനിമയിലുടനീളം. ചിത്രത്തിൽ മോഹൻലാൽ അവതാരമാണെന്ന് സായികുമാർ പറയുന്നുണ്ട്.
ഇതും ഹിന്ദു ദൈവത്തെ ഒളിച്ചു കടത്തുന്നതാണ്. അത് കൃഷ്ണൻ ആണോ കൃഷ്ണന്റെ ചേട്ടൻ ബലരാമൻ ആണോ എന്നതാണ് സംശയം. കലപ്പ കൊണ്ട് വില്ലന്മാരെ അടിക്കുന്നതിലൂടെ ബലരാമന്റെ ആയുധത്തെയും സിനിമയിൽ ഒളിച്ചു കടത്തുന്നുണ്ട്. കാറിൽ പോകുന്ന മോഹൻലാൽ കൈ നീട്ടി വഴിയെ പോകുന്ന ഒരു മുസ്ലിം പയ്യനെ തട്ടുന്ന ഒരു രംഗമുണ്ട്. അത് ശുദ്ധ ന്യൂനപക്ഷ മർദ്ദനമാണ്. മുസ്ലിമായ റഹ്‌മാനിനെ ജോസ് പ്രകാശിന്റെ മുതല കുളത്തിൽ കൊണ്ടു പോകുന്നതും ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ വേണ്ടിയല്ലേ.
ചിത്രത്തിൽ സവർണഹിന്ദു പ്രതീകങ്ങൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. തറവാടും, തുളസിത്തറയും, തെയ്യവും, തിറയും, കഥകളിയും, കളരിപ്പയറ്റും ഒക്കെ ഒരുപാട് കാണിച്ചിട്ടുണ്ട്. ആറാട്ട് എന്ന പേര് തന്നെ ഹിന്ദുത്വത്തിന്റെ ഒളിച്ചു കടത്തൽ ആണല്ലോ. മോഹൻലാലിന്റെ അഭിനയം പോരാ. പുള്ളി ഒക്കെ പരിപാടി നിർത്തേണ്ട സമയം കഴിഞ്ഞു. പകുതി കഴിഞ്ഞപ്പോൾ ഞാനും ഭാര്യയും ഇറങ്ങിപ്പോന്നു എന്നായിരുന്നു ശ്രീജിത്ത് പങ്കു വെച്ച കുറിപ്പ്.
ഒരു പ്രത്യേക മതവിഭാഗത്തിൽ ഉൾപ്പെട്ടവരാണ് മോഹൻലാൽ സിനിമകളെ വിമർശിക്കുന്നത് എന്ന തരത്തിൽ പരിഹസിച്ചു കൊണ്ടുള്ള ശ്രീജിത്ത് പണിക്കരുടെ ട്രോൾ റിവ്യൂ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്. നിരവധി പേരാണ് ശ്രീജിത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. സിനിമ കാണാത്തവർ പോലും സിനിമയെ കുറിച്ച് മോശമായി പ്രചരിപ്പിച്ച് മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്ന പ്രവണതയാണ് ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്നത്.
