Film News

അതിജീവിതയ്‌ക്കൊപ്പം നിന്നത് കാരണം ഒരുപാട് സൗഹൃദങ്ങൾ നഷ്ടമായെന്ന് വ്യക്തമാക്കി അഞ്ജലി മേനോൻ…

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോൻ.

“മഞ്ചാടിക്കുരു”, “കേരള കഫേ”, “ഉസ്താദ് ഹോട്ടൽ”, “ബാംഗ്ലൂർ ഡേയ്സ്”, “കൂടെ” തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ അഞ്ജലി മേനോൻ, “ലിറ്റിൽ ഫിലിംസ്” എന്ന ഫിലിം കമ്പനിയുടെ സ്ഥാപക കൂടിയാണ്. നിരവധി അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് അഞ്ജലി മേനോൻ.

വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ് അഞ്ജലി. 2008ൽ പുറത്തിറങ്ങിയ “മഞ്ചാടിക്കുരു” ആയിരുന്നു അഞ്ജലി മേനോന്റെ ആദ്യ ചിത്രം. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ആയിരുന്നു ചിത്രം നേടിയെടുത്തത്. മലയാള സിനിമ പ്രേക്ഷകർ നെഞ്ചോടു ചേർത്തു വയ്ക്കുന്ന ചിത്രങ്ങളാണ് അഞ്ജലി മേനോന്റെ “ബാംഗ്ലൂർ ഡേയ്സ്”, “ഉസ്താദ് ഹോട്ടൽ” എന്നിവ. നടി ഭാവനയെ പിന്തുണച്ചുകൊണ്ട് അഞ്ജലി മേനോൻ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച ഒരു കേസ് ആയിരുന്നു 2017ൽ ഫെബ്രുവരിയിൽ കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. അഞ്ചു വർഷം നീണ്ട നിയമ പോരാട്ടത്തിൽ ഇരയെന്ന് ആയിരുന്നു നടിയെ സമൂഹം മുദ്രകുത്തിയത്. എന്നാൽ താൻ ഇരയല്ല അതിജീവിത ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം നടി മൗനം വെടിഞ്ഞ് പൊതുസമൂഹത്തിനു മുമ്പിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. നീണ്ട അഞ്ചു വർഷം തനിക്ക് സംഭവിച്ചതിനെ കുറിച്ച് യാതൊന്നും പൊതുവേദികളിൽ പറയുവാനോ പ്രതികരിക്കാനോ നടി തയ്യാറായിരുന്നില്ല.

എന്നാൽ ഇനിയുള്ള പോരാട്ടം തനിച്ചാണെന്നും നീതിക്ക് വേണ്ടി പോരാടുവാൻ തന്നെ ഉറച്ചു തീരുമാനിച്ചപ്പോൾ ഈ നീണ്ട കാലയളവിൽ നേരിട്ട മാനസിക സംഘർഷത്തെ കുറിച്ചും ആക്രമണങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ഭാവന. ഈ കാലയളവിൽ സ്വയം കുറ്റപ്പെടുത്തിയും മറ്റു കാരണങ്ങളിൽ പഴിചാരിയും രക്ഷപ്പെടുവാൻ ശ്രമിക്കുകയായിരുന്നു താനെന്നും ഇരയല്ല അതിജീവിതയാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം ആണ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായതെന്നും ഭാവന പറയുന്നു.

ഭാവനയുടെ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഭാവനയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും. തുടക്കം മുതൽ അതിജീവിതയ്ക്ക് ഒപ്പം തന്നെ ആയിരുന്നു അഞ്ജലി മേനോൻ. ഭാവനയ്ക്ക് ഒപ്പം നിന്നതിന്റെ ഭാഗമായി ഒരുപാട് സൗഹൃദങ്ങൾ നഷ്ടപ്പെട്ടു എന്ന് അഞ്ജലി വ്യക്തമാക്കി. ഭാവനയ്ക്ക് ഒപ്പമുള്ള ഡബ്ല്യു സി സിയുടെ പോരാട്ടം തുടരും. ഒളിഞ്ഞിരിക്കേണ്ട ആളല്ല അതിജീവിത. അതിജീവിതയ്ക്ക് സംസാരിക്കാനുള്ളത് സമൂഹം കേൾക്കണം.

എല്ലാവരെയും സന്തോഷിപ്പിച്ച് ഒരിക്കലും ഒരു പോരാട്ടം നടത്താൻ കഴിയില്ല. നടിയുടെ പ്രശ്നങ്ങൾ ഏറ്റെടുത്തപ്പോൾ ഒരുപാട് സൗഹൃദങ്ങൾ നഷ്ടമായി. അധികാര കേന്ദ്രങ്ങൾ ചോദ്യം ചെയ്യുമ്പോൾ ഒരു വിഭാഗം അസ്വസ്ഥരാകും. ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങളിൽ നിന്നും റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു. ഇവരുടെ മുന്നിൽ ആണോ സത്യം പറഞ്ഞത് എന്ന് ഇരകൾ ചോദിച്ചുപോയി.

ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി അവകാശമാണ്. കമ്മിറ്റി രൂപീകരണത്തിൽ സിനിമാ സംഘടനകൾ ഒന്നും ചെയ്യുന്നില്ല. ഡബ്ല്യുസിസിയെ തുടക്കം മുതൽ സിനിമാ സംഘടനകൾ ശത്രുപക്ഷത്താണ് കാണുന്നതെന്നും അഞ്ജലിമേനോൻ കൂട്ടിച്ചേർത്തു. അഞ്ജലി മേനോൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. നിരവധി പേരാണ് അഞ്ജലി മേനോനെ പിന്തുണച്ച് രംഗത്തെത്തിയത്.

The Latest

To Top