കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറൽ ആയ വീഡിയോ ആണ് വോട്ട് ചെയ്യാൻ വരുന്ന സ്ത്രീ തലയിൽ പുരട്ടാൻ വേണ്ടി മഷി ചോതിക്കുന്നത്. ഈ വീഡിയോയിലെ അഭിനേതാക്കൾ നടി അശ്വതിയുടെ പരിചയക്കാർ ആണെന്നും അദ്ദേഹം ഒരു ഡോക്ടർ ആണെന്നും പറയുകയാണ് നടിയും അവതാരികയും കൂടിയായ അശ്വതി. അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം,
മെഡിസിന് പഠിക്കുന്ന പിള്ളേര് ഡാൻസ് കളിച്ച് വൈറലും പിന്നെ വിവാദവും ആയപ്പോഴാണ് ഞാൻ നമ്മടെ സ്വന്തം ഡോക്ടറിന്റെ കാര്യം ഓർത്തത്. തൊടുപുഴക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ സതീഷ് വാരിയർ. ചികിത്സയുടെ കാര്യത്തിൽ ഡോക്ടർ പണ്ടേ പുലിയായതു കൊണ്ട്, എഴുനേറ്റ് നിൽക്കില്ലെന്ന് ഉറപ്പിച്ചവരെ വരെ നടത്തിയും ഓടിച്ചുമൊക്കെ പണ്ടേ പത്ര വാർത്തകളിൽ സജീവമാണ്. മരുന്ന് വാങ്ങാൻ പോയപ്പോൾ കൂടെ പോയ പത്മയെ കാണിച്ച് ‘വിശപ്പുണ്ടാവാൻ ഇവൾക്ക് ഇച്ചിരി ച്യവനപ്രാശം കൊടുത്താലോ’ എന്ന് ചോദിച്ച അച്ഛനോട് ‘തീപ്പെട്ടി കോലിന്റ മേലെ ആരേലും ചെമ്പു കലത്തിൽ വെള്ളം ചൂടാക്കാൻ’ വയ്ക്കുമോന്ന് ചോദിച്ച ടീം ആണ്. ലോക്ക് ഡൌൺ കാലത്താണ് ഡോക്ട്ടറും അമ്മയും ഒരുമിച്ചുള്ള കുഞ്ഞു കുഞ്ഞു കോമഡി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വന്നു തുടങ്ങിയത്. പിന്നെ വാട്ട്സാപ്പിലെ സകല ഗ്രൂപ്പുകളിലും ഡോക്ടർ – അമ്മ hilarious കോമ്പിനേഷൻ പതിവായി വന്നു തുടങ്ങി. നമ്മടെ ഡോക്ടർ അങ്ങനെയാണ് വൈറൽ ഡോക്ടർ ആവുന്നത്.
ഡോക്ടറിന്റെ കൺസൽട്ടിങ് റൂമിന് മുന്നിലെ തിരക്ക് ഒരിക്കൽ എങ്കിലും കണ്ടിട്ടുള്ളവർക്ക് അറിയാം ജീവിതത്തിൽ അവനവനു വേണ്ടി മാറ്റി വയ്ക്കാൻ ഏറ്റവും കുറച്ച് സമയം മാത്രം കിട്ടുന്ന ഒരു മനുഷ്യനാണ് അദ്ദേഹമെന്ന്. അതിനിടയിലാണ് ഇതിനൊക്കെ സമയം കണ്ടെത്തുന്നതെന്ന് ഓർക്കുമ്പോഴാണ് അത്ഭുതം. പ്രൊഫെഷന്റെ ഭാരം കൊണ്ടും , സോഷ്യൽ പ്രെഷർ കൊണ്ടും പാഷനുകൾ ഉപേക്ഷിച്ച് ജീവിതത്തോട് മുഖം വീർപ്പിച്ച് നടക്കുന്നവർക്കിടയിൽ ഇങ്ങനെയും ചില മനുഷ്യർ ഉണ്ടെന്ന് പറയുകയായിരുന്നു…. സംഭവം ഐഡിയ ഒക്കെ ഡോക്ടറിന്റെ ആണെങ്കിലും ഗോൾ അടിച്ചിട്ട് പോകുന്നത് എപ്പോഴും അമ്മ തന്നെയാണെന്ന് പറയാതിരിക്കാൻ വയ്യ. അടുത്ത തവണ ഞാൻ അപ്പോയിന്റ്മെന്റ് എടുക്കാൻ പോകുന്നതും അമ്മയ്ക്ക് ആയിരിക്കും…! അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് വന്ന അഭിനയ പ്രതിഭയെ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണല്ലോ.
