നടി ആത്മീയ രാജനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. കണ്ണൂർ സ്വദേശിയായ താരം 2009ൽ “വെള്ളത്തൂവൽ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.
എന്നാൽ തമിഴ് ചിത്രമായ “മനം കൊത്തി പറവൈ” എന്ന ചിത്രത്തിലൂടെയാണ് ആത്മീയ ശ്രദ്ധേയയാവുന്നത്. ശിവകാർത്തികേയന്റെ നായികയായി തിളങ്ങിയ താരത്തിനെ പിന്നീട് “റോസ് ഗിറ്റാറിനാൽ” എന്ന ചിത്രത്തിലായിരുന്നു കണ്ടത്.
എന്നാൽ ജോജു ജോർജ് ആദ്യമായി നായകനായി എത്തിയ “ജോസഫ്” എന്ന ചിത്രമാണ് ആത്മീയയ്ക്ക് മികച്ച ആരാധക പിന്തുണ നേടി കൊടുത്തത്. “ജോസഫ്” എന്ന ചിത്രത്തിലെ സ്റ്റെല്ല ഇന്നും ഒരു നൊമ്പരമായി മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട് താരം.
“ജോസഫ്” മുതൽ “കോൾഡ് കേസ്” വരെ വ്യത്യസ്തമായ അഭിനയ രീതിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരി ആവാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു മറൈൻ എൻജിനീയറായ സനൂപുമായിട്ടുള്ള താരത്തിന്റെ വിവാഹം. ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു കണ്ണൂരിൽ വച്ച് ഇരുവരും വിവാഹിതരായത്. ഇപ്പോൾ ഇതാ കോളേജ് പഠനകാലത്ത് ഉള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് താരം.
ഭാരതമാതാവ് സ്റ്റേജിൽ കയറിയപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ് ആത്മീയ. പണി പാളിപ്പോയ സ്റ്റേജ് അനുഭവത്തെക്കുറിച്ച് ആത്മീയ നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധേയമാകുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭാരതമാതാവ് ആയി നിൽക്കാൻ വലിയ ഇഷ്ടമായിരുന്നു താരത്തിന്. സ്കൂളിൽ ചേച്ചിമാർ സാരി ഉടുത്ത് കിരീടം ഒക്കെ അണിഞ്ഞ് ഭംഗിയായി നിൽക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയാണ് കോളേജിൽ പഠിക്കുമ്പോൾ ഭാരതമാതാവ് ആവാൻ അവസരം ലഭിക്കുന്നത്.
ഒന്നും നോക്കാതെ ആത്മീയ ചാടി വീണു. പ്രാക്ടീസിനൊന്നും പോകേണ്ട കാര്യമില്ല വെറുതെ കൊടി പിടിച്ചു നടന്നാലും മതി. കൂട്ടുകാരികളൊക്കെ പ്രാക്ടീസിന് വിളിക്കുമ്പോൾ പോകാറില്ലായിരുന്നു. അങ്ങനെ പരിപാടിക്ക് സ്റ്റേജിൽ കയറേണ്ട സമയത്ത് ബാക്കിയുള്ളവരോട് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ ചുറ്റും കുട്ടികൾ വരിവരിയായി വരും, അപ്പോൾ ഓഡിയൻസിനെ നോക്കി ഒന്ന് ചിരിച്ചു കൊടി മെല്ലെ പാറിച്ചാൽ മാത്രം മതി എന്നായിരുന്നു പറഞ്ഞത്. സ്റ്റേജിൽ കയറിയപ്പോൾ പറഞ്ഞതുപോലെ തന്നെ ചെയ്തു.
എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ പതാകയുടെ ഒരു ഭാഗം ചുറ്റും നടക്കുന്ന ഒരു കുട്ടിയുടെ വസ്ത്രത്തിൽ ഉടക്കി. ആ കുട്ടി ചുറ്റുന്നതിനനുസരിച്ച് പതാക കൊടിയിൽ നിന്നും ഊർന്നു പോയി. പതാകയ്ക്ക് പകരം കയ്യിലെ വടി മാത്രം അങ്ങോട്ടുമിങ്ങോട്ടും കറക്കി കൊണ്ടിരുന്നു താരം. പിന്നെ എങ്ങനെയൊക്കെയോ കൈകൊണ്ട് ഒക്കെ പിടിച്ച് അഡ്ജസ്റ്റ് ചെയ്‌തു കൊടി പാറിച്ചു. എന്നാൽ മുന്നിൽ ഇരുന്നവരെല്ലാം കൂവലോട് കൂവൽ. അപ്പോഴായിരുന്നു പതാക തല തിരിച്ചാണ് പിടിച്ചിരുന്നത് എന്ന് മനസ്സിലായത്.
പതാകയുടെ തല തിരിച്ചു വെച്ചായിരുന്നു ഭാരതമാതാവിന്റെ പ്രകടനം. കോളേജിൽ ഉണ്ടായ താരത്തിന്റെ രസകരമായ അനുഭവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് പോലീസ് വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു “കോൾഡ് കേസ്”. ചിത്രത്തിൽ ഈവ മരിയ എന്ന ശ്രദ്ധേയമായ വേഷത്തിലായിരുന്നു താരം എത്തിയത്. ആമസോൺ പ്രൈമിലൂടെ ജൂൺ 30 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.
