കോവിഡ് പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനെ തുടർന്ന് അവശ്യവസ്തുക്കൾ വാങ്ങി സൂക്ഷിക്കുവാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ചൈനീസ് സർക്കാർ. ചൈനയിലെ ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉത്തരവിനു പിന്നിലുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ പുതിയ മുന്നറിയിപ്പ് പുറത്തു വന്നതോടെ പരിഭ്രാന്തരായി ഇരിക്കുകയാണ് ചൈനീസ് ജനത.
സാധനങ്ങൾ വാങ്ങി സൂക്ഷിക്കുവാനുള്ള ഓട്ടപ്പാച്ചിലിൽ ആണ് പൊതുജനങ്ങൾ. കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ വേണ്ടിയാണോ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകുന്നത് എന്ന സംശയങ്ങൾ ഉയരുന്നുണ്ട്. ഇതു കൂടാതെ മഴയെ തുടർന്ന് കൃഷിയിടങ്ങൾ നശിച്ചത് കൊണ്ട് ഭക്ഷണ സാധനങ്ങൾക്ക് ക്ഷാമം വരാനുള്ള സാഹചര്യം ഉള്ളതിനാലാണ് ഈ മുന്നറിയിപ്പ് എന്നും പ്രചരിക്കുന്നുണ്ട്.
എന്നാൽ യഥാർത്ഥ കാരണം എന്താണെന്ന് ചൈനീസ് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭിക്കുന്നതിനും ഇവയ്ക്കുള്ള വിലക്കയറ്റം തടയുന്നതിനും ആയി നടപടികൾ സ്വീകരിക്കണമെന്ന് ധനകാര്യമന്ത്രാലയം അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ അമിതമായി വാങ്ങി കൂട്ടേണ്ട എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതു കോവിഡിനെ തുടർന്നുള്ള ചെറിയൊരു നടപടിക്രമം മാത്രമാണ് എന്നും പുറത്തു വരുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യ ക്ഷാമം നേരിടുന്നത് കാരണമാണോ ഇത്തരം നടപടികൾ എന്ന് ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. അതിർത്തികൾ അടച്ചും, ലോക്ക് ഡൗണുകൾ ഏർപ്പെടുത്തിയും, ക്വാറന്റൈൻ കാലാവധി നീട്ടിയും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറച്ചു വരികയാണ് ചൈന. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ബെയ്ജിംഗ് ഒളിമ്പിക്സിന് മുമ്പ് കൊവിഡ് കണക്കുകൾ പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ചൈന. കൊറോണക്ക് പുറമേ കഴിഞ്ഞ രണ്ടു വർഷമായി രൂക്ഷമായ പ്രളയം നേരിടുന്ന ചൈനയുടെ കാർഷിക സമ്പത്ത് പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിനെത്തുടർന്ന് ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിഡ് ഡെൽറ്റ വകഭേദം പൊട്ടിപ്പുറപ്പെട്ടതോടെ ചൈനയിൽ കോവിഡ് രോഗികളുടെ കണക്കുകൾ വർദ്ധിക്കുന്നുണ്ട്. ഇതിനാൽ വിവാഹം പോലെയുള്ള ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന പരിപാടികൾ നീട്ടിവെക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന ഇടങ്ങളിലെല്ലാം ആളുകൾ സാധനങ്ങൾ വാങ്ങുവാൻ ആയി തിങ്ങി നിറഞ്ഞു നിൽക്കുകയാണ്.
ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കോവിഡ് 19 എന്ന മഹാമാരി ഒരു ലോക മഹായുദ്ധം പോലെ ലോകം മുഴുവനും നാശം വിതയ്ക്കുകയാണ്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് ഈ വൈറസ് ചൈനയിൽ നിന്നും ലോകമെമ്പാടും വ്യാപിച്ചത്. ഒരു വർഷം കഴിഞ്ഞപ്പോൾ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിച്ചു. കൊറോണ വൈറസിന് എതിരെയുള്ള വാക്സിനുകൾ വന്നെത്തിയെങ്കിലും ഈ മഹാമാരിയെ നിയന്ത്രണാതീതം ആക്കുവാൻ അഹോരാത്രം പ്രയത്നിക്കുകയുയാണ് ലോകം മുഴുവനും.
