മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളാണ് ബിൽ ഗേറ്റ്സ്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഭാര്യ മെലിൻഡ ഗേറ്റ്സും ആയുള്ള 27 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു എന്ന് ബിൽഗേറ്റ്സ് സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ബിൽ ഗേറ്റ്സ്തഗേറ്റ്സ് തന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിലൂടെ. കോവിഡ് വാക്സിനെ കുറിച്ച് ബിൽ ഗേറ്റ്സ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വിവാദത്തിൽ ആവുന്നത്.
ബ്രിട്ടീഷ് ചാനലായ സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു വിവാദപരമായ പരാമർശങ്ങൾ ബിൽ ഗേറ്റ്സ് ഉന്നയിച്ചത്. കോവിഡ് വാക്സിൻ കൂടുതലായി നിർമ്മിക്കുവാൻ മൂന്നാം ലോകരാജ്യങ്ങൾക്ക് അതിന്റെ ഫോർമുല നൽകുന്നതിനെ കുറിച്ചും ഇതിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി പരിഷ്കരിക്കുന്നതിനെ കുറിച്ചും ആയിരുന്നു അഭിമുഖത്തിൽ അവതാരക ബിൽഗേറ്റ്സിനോട് ചോദിച്ചത്. എന്നാൽ ഇക്കാര്യങ്ങളോട് പൂർണമായും വിയോജിക്കുകയായിരുന്നു അദ്ദേഹം. അതിനു അദ്ദേഹം പറയുന്ന കാരണങ്ങളാണ് വിവാദങ്ങൾക്കിടയായത്.
അമേരിക്കയും ബ്രിട്ടനും പോലുള്ള വികസിത രാജ്യങ്ങളിൽ ഉള്ള പോലുള്ള ഗുണനിലവാരമുള്ള വാക്സിൽ നിർമ്മിക്കാനുള്ള നൂതന സൗകര്യങ്ങൾ മൂന്നാം ലോകരാജ്യങ്ങൾക്ക് ഉണ്ടാവില്ല എന്നാണ് ബിൽഗേറ്റ്സ് വെളിപ്പെടുത്തിയത്. വളരെക്കുറച്ചു വാക്സിൻ ഫാക്ടറികളാണ് ലോകത്ത് ഉള്ളത് എന്നും കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിൽ കഴിയുന്ന ജനങ്ങൾ വാക്സിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ് എന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. ഇന്ത്യപോലുള്ള മൂന്നാംലോക രാജ്യങ്ങളിലേക്ക് വാക്സിൻ നിർമ്മാണം കൈമാറിയാൽ ആളുകളുടെ ആശങ്ക വർദ്ധിക്കുമെന്നാണ് ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തത്.
വാക്സിൻ നിർമിക്കാനായി വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരുടെ സഹായമാണ് ലഭ്യമാക്കേണ്ടത്. മികച്ച സാങ്കേതിക വിദ്യകളും സൂക്ഷ്മമായ നിരീക്ഷണവും ആണ് ഓരോ ഘട്ടത്തിലും വാക്സിൻ നിർമ്മാണത്തിന് ആവശ്യമായിട്ടുള്ളത്. മൂന്നാം ലോക രാജ്യങ്ങളിൽ അത് എത്രത്തോളം ഉണ്ട് എന്ന സംശയമാണ് ബിൽഗേറ്റ്സ് പ്രകടിപ്പിച്ചത്. ഇന്ത്യയിലെ സംവിധാനങ്ങളും അമേരിക്കയിലെ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ നിർമ്മാണ പ്ലാന്റ് തമ്മിലുള്ള ഗുണനിലവാരത്തിലെ വ്യത്യാസവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ അതിരൂക്ഷമായി വ്യാപിക്കുന്നതിന് ഇടയിലാണ് വിവാദ പരാമർശങ്ങളുമായി ബിൽഗേറ്റ്സ് രംഗത്തെത്തിയത്. കോവിഡ് വാക്സിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി നിയന്ത്രണം എടുത്തുകളയണമെന്നും സാർവ്വത്രികമായി വാക്സിൻ ലഭ്യമാക്കണമെന്നും ലോകത്തെ പ്രമുഖ ആരോഗ്യവിദഗ്ധർ എല്ലാം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്സിന്റെ പരാമർശങ്ങൾ.
