സൂഫിയും സുജാതയും എന്ന ചിത്രത്തിൽ സൂഫിയായി എത്തി ജനപ്രീതി നേടിയ താരമാണ് ദേവ് മോഹൻ. ആദ്യ ചിത്രത്തിൽ തന്നെ ദേവ് ആരാധക ശ്രദ്ധ നേടിയിരുന്നു. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് തീയേറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ ഓടിടി യിൽ കൂടി ആദ്യമായി പുറത്തിറക്കിയ മലയാള സിനിമയാണ് സൂഫിയും സുജാതയും. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദേവ്. ‘ശാകുന്തളം’ ആണ് ദേവിന്റെ അടുത്ത ചിത്രം. ചിത്രത്തിൽ ദുഷ്യന്തനായി ദേവും ശകുന്തളയായി തെന്നിന്ത്യൻ താര റാണി സാമന്ത അക്കിനേനിയുമാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം ആണ് ദേവ് തന്റെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
കാളിദാസന്റെ ഇതിഹാസ പ്രണയകഥയായ ശാകുന്തളത്തിന് ചലച്ചിത്രഭാഷ്യം നൽകുന്നത് സംവിധായകൻ ഗുണശേഖർ ആണ്. ദേശീയ പുരസ്കാരം നേടിയ കോസ്റ്റ്യൂം ഡിസൈനർ നീതു ലുല്ലയാണ് ചിത്രത്തിൽ സാമന്തയുടെ വസ്ത്രമൊരുക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുന്നതാണ്. 2020 ൽ പുറത്തിറങ്ങിയ ജാനു ആണ് സാമന്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
