പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും വേർപിരിയുന്നു. അടുത്തിടെ തെന്നിന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാർത്തയായിരുന്നു നാഗചൈതന്യയും സാമന്തയും വേർപിരിയുന്നത്. ഇതിനു പിന്നാലെ ആരാധകലോകത്തെ ദുഖത്തിലാഴ്ത്തുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയ താരം ധനുഷും സൂപ്പർതാരം രജനികാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിയുന്നു. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് സ്വന്തം വഴികൾ തെരഞ്ഞെടുത്ത് മുന്നോട്ട് പോവാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. താരങ്ങൾ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. 2004 നവംബർ 18നായിരുന്നു താരനിബിഢമായ ഇവരുടെ വിവാഹം. ഇവർക്ക് രണ്ടു ആൺമക്കൾ ആണുള്ളത്. രജനികാന്തിന്റെ മൂത്ത മകൾ ആണ് ഐശ്വര്യ.
ഒരു ഗായികയായി സിനിമയിൽ തിളങ്ങിയ ഐശ്വര്യ “3” എന്ന സിനിമയിലൂടെ സംവിധായിക ആയി മാറി. ഇപ്പോഴിതാ പങ്കാളികളും, സുഹൃത്തുക്കളും, മാതാപിതാക്കളും ആയുള്ള പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇവർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. വളർച്ചയുടെയും, മനസിലാക്കലിന്റെയും, ക്രമപ്പെടുത്തലിന്റെയും. ഒത്തുപോവലിന്റെയും ഒരു യാത്രയായിരുന്നു ഇത്. അവിടെ നിന്ന് ആ വഴി രണ്ടായി പിരിയുന്ന ഇടത്ത് ആണ് വന്നു നിൽക്കുന്നതെന്നും പങ്കാളികൾ എന്ന നിലയിൽ പിരിയുന്നതാണ് വ്യക്തികൾ എന്ന നിലയിൽ ഇരുവർക്കും നല്ലതെന്ന് ഇവർ മനസിലാക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കൂ എന്നും അത് കൈകാര്യം ചെയ്യാൻ ആവശ്യം വേണ്ട സ്വകാര്യത നൽകണം എന്നും ഇവർ അഭ്യർത്ഥിക്കുന്നു.
