മലയാള സിനിമയുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ദിലീപ്- കാവ്യ. പിന്നീട് യഥാർത്ഥ ജീവിതത്തിലും ഇവർ ഒന്നിക്കുകയായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും മകളാണ് മഹാലക്ഷ്മി. അച്ഛനും അമ്മയും പോലെ ഒരു കൊച്ചു താരം തന്നെയാണ് മകൾ മഹാലക്ഷ്മി. താരദമ്പതികൾ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്തതിനാൽ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമേ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് കിട്ടുകയുള്ളൂ.
എന്നാൽ ആ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവുകയും ചെയ്യും. ഇപ്പോഴിതാ ദുബായിൽ നിന്നുള്ള ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിയുടെയും വീഡിയോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുടുംബസമേതം ദുബായിലെത്തിയ ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ പങ്കുവയ്ക്കുന്നത്. മാമാട്ടി എന്നാണ് മഹാലക്ഷ്മിയെ സ്നേഹത്തോടെ വിളിക്കുന്നത്.
മാമാട്ടിയോട് ചോക്ലേറ്റ് വേണോ എന്ന് ചോദിച്ചപ്പോൾ ചോക്ലേറ്റ് കഴിച്ചാൽ പുഴുപ്പല്ല് വരുമെന്ന് നിഷ്കളങ്കമായി പറയുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ വിജയലക്ഷ്മി ദിനത്തിലായിരുന്നു മാമാട്ടി ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ച വച്ചത്. അച്ഛൻ ദിലീപിന്റെ നെഞ്ചത്ത് ചാരി കിടക്കുന്ന മാമാട്ടിയുടെ ചിത്രങ്ങളും ചേച്ചി മീനാക്ഷിയുടെ തോളത്തിരുന്നും കൊണ്ട് അമ്പലനടയിൽ മുന്നിൽ വച്ചുള്ള ദിലീപിന്റെ കുടുംബചിത്രം എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ദുബായിൽ സകുടുംബം ദിലീപേട്ടൻ എന്ന കുറിപ്പോടെ ആണ് പല വീഡിയോകളും ദിലീപിന്റെയും കാവ്യയുടെയും ഫാൻ പേജുകളിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 2018 ഒക്ടോബർ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കാവ്യാമാധവൻ മഹാലക്ഷ്മിക്ക് ജന്മം നൽകിയത്. അടുത്തിടെ മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരുന്നു. ചേച്ചിയോടൊപ്പം ഉള്ള പിറന്നാൾ ആഘോഷ ചിത്രങ്ങൾ ദിലീപിന്റെ മകൾ മീനാക്ഷി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് വൈറൽ ആയിരുന്നു.
ദിലീപിനോടൊപ്പം ഒരുപാട് നായികമാർ മലയാള സിനിമയിൽ തിളങ്ങിയിട്ടുണ്ടെങ്കിലും ദിലീപ് -കാവ്യ താരജോഡി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ബാലതാരമായി മലയാള സിനിമയിൽ എത്തിയ കാവ്യയോട് സ്വന്തം വീട്ടിലെ കുട്ടിയോടെന്ന പോലുള്ള സ്നേഹമായിരുന്നു മലയാളികൾക്ക്. “പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ ബാലതാരം ആയി എത്തിയ കാവ്യ, ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു.
ആദ്യ സിനിമയിലെ നായകൻ തന്നെ പിന്നീട് കാവ്യയുടെ ജീവിതത്തിന്റെ നായകൻ ആവുകയായിരുന്നു. മലയാള സിനിമയുടെ ഭാഗ്യ ജോഡി എന്നായിരുന്നു ദിലീപ്-കാവ്യ ജോഡിയെ പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്. ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റായിരുന്നു. “ദോസ്ത് “, “ചന്ദ്രനുദിക്കുന്ന ദിക്കിൽ”, “തെങ്കാശിപ്പട്ടണം”, “ഡാർലിംഗ് ഡാർലിംഗ്”, “മീശ മാധവൻ”, “പാപ്പി അപ്പച്ചൻ”, “കൊച്ചിരാജാവ്” ,”ചൈന ടൗൺ” തുടങ്ങി നിരവധി ചിത്രങ്ങളിൽ ആണ് ഈ ഹിറ്റ് ജോഡികൾ ഒന്നിച്ചത്.
