വർക്കലയിൽ അഞ്ചു പേരുടെ ജീവനെടുത്ത തീപിടിത്തത്തിന് കാരണം ഷോട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം.
വീടിനകത്തുള്ള ഹാളിലെ സ്വിച്ച് ബോർഡിൽ നിന്നാണ് മുറിയിലേക്ക് തീ പടർന്നത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. നാട്ടുകാരും പോലീസും വീട്ടിലെത്തുമ്പോൾ കാണുന്നത് വീടും കാർപോർച്ചിലിരിക്കുന്ന ബൈക്കുകളും കത്തുന്നതാണ്. പുറത്തിരിക്കുന്ന ബൈക്കുകൾ കത്തിനശിച്ചത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
കാർപോർച്ചിനേക്കാൾ കൂടുതൽ കത്തി നശിച്ചത് വീടിനുള്ളിലെ ഭാഗമായതിനാൽ വീടിനകത്തു നിന്ന് തീ പിടിച്ചത് എന്നാണ് പ്രധാന സംശയം. ശാസ്ത്രീയ പരിശോധന ഫലങ്ങൾള്ള ശേഷം അന്തിമ നിഗമനത്തിൽ എത്താൻ ആണ് പോലീസിന്റെ തീരുമാനം. മുറിക്കുള്ളിലെ കട്ടിൽ, തുണി പോലുള്ളവയെക്കാൾ കൂടുതൽ കത്തിയത് എ സി അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ്. എന്നിട്ടും സർക്യൂട്ട് ഡ്രിപ്പ് ആയിട്ടില്ല. അതുകൊണ്ട് ഷോർട് സർക്യൂട്ടിന്റെ സാധ്യതയാണ് കാണുന്നത്.
ഹാളിൽ ടിവിയും ഇൻവെർട്ടറും ചേരുന്ന ഭാഗത്തെ സ്വിച്ചിൽ നിന്നും ആണ് തീയുടെ തുടക്കം എന്നാണ് ഫയർഫോഴ്സ് വിലയിരുത്തുന്നത്. ജിപ്സം റൂഫിലൂടെ മറ്റു മുറിയിലേക്ക് തീ പടർന്നതാകാം. സാമ്പത്തിക പ്രതിസന്ധികളോ കുടുംബപ്രശ്നങ്ങളോ ഒന്നുമില്ലാത്തതിനാൽ ആത്മഹത്യ സാധ്യത തള്ളിക്കളഞ്ഞിരിക്കുകയാണ് പോലീസ്. എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചു പേർ പുക ശ്വസിച്ചാണ് മരിച്ചത്.
വീട്ടിലെ മൂന്ന് എസികളും പൂർണമായി കത്തി നശിച്ചു. വീടിനകത്തു പെട്രോളിന്റെയോ മണ്ണെണ്ണയുടെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. തീപിടുത്തത്തിന്റെ കാരണം അറിയാൻ ഫോര്സിക് സംഘം അന്വേഷണം നടത്തുകയാണ്. തീപിടുത്തം നടന്ന 45 മിനിറ്റ് കഴിഞ്ഞാണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്. എല്ലാ മുറിയിലും ഏസി ആയതു കൊണ്ട് പുക പുറത്തു പോയില്ല. രണ്ടാമത്തെ മകന് ഫോൺ വിളിച്ചതിനു ശേഷം പുറത്തേക്ക് വരാൻ കഴിയാത്തത് പുക ശ്വസിച്ചതിനെ തുടർന്നാണ് എന്നാണ് സംശയം.
തീ പടർന്ന വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന നിഹുൽ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്. അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം മുകൾ നിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു കിടന്നത്. അഖിലിന്റെ മൃതദേഹം മുകളിലത്തെ നിലയിൽ മറ്റൊരു മുറിയിലായിരുന്നു. പ്രതാപന്റെയും ഷർളിയുടെയും മൃതദേഹം താഴത്തെ മുറിയിൽ നിന്നാണ് ലഭിച്ചതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.
