അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു പാലക്കാട് മലമ്പുഴ ചെറാഡ് കുർമ്പാച്ചി മലയിടുക്കിൽ യുവാവ് കുടുങ്ങിയ സംഭവം.
സുഹൃത്തുക്കളോടൊപ്പം മല കയറാൻ പോയ ബാബു എന്ന യുവാവായിരുന്നു രണ്ടു ദിവസത്തോളം മലയിടുക്കിൽ കുടുങ്ങിയത്. മല കയറുന്നതിന് പകുതി വഴി എത്തിയപ്പോൾ തന്നെ സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങിയിരുന്നു. എന്നാൽ മുകളിലേക്ക് തുടർന്ന് കയറിയ ബാബു കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ ഫയർഫോഴ്സിനെയും പോലീസിനെയും വിളിച്ച് വിവരമറിയിച്ചു ബാബു. വീഴ്ചയിൽ കാലിന് പരിക്കേറ്റ ബാബു ഫയർഫോഴ്സ് എത്തി രക്ഷപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു നിന്നത്. പിന്നീട് കാര്യങ്ങൾ സങ്കീർണം ആവുകയായിരുന്നു.
ചുട്ടുപൊള്ളുന്ന വെയിലും ശക്തമായ തണുപ്പും ഏറ്റ് രണ്ടു ദിവസത്തോളം ആയിരുന്നു ഗുഹ പോലെയുള്ള ചെരുവിൽ ബാബു അകപ്പെട്ടത്. മുകളിൽ നിന്നു കൊണ്ട് താഴെ നടക്കുന്ന കാര്യങ്ങൾ എല്ലാം വ്യക്തമായി കാണാമായിരുന്ന ബാബു രക്ഷാപ്രവർത്തകർക്ക് വ്യക്തമായി മറുപടി നൽകുന്നുണ്ടായിരുന്നു.
വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ ആയിരുന്നു ബാബു ആ ഇടുക്കിൽ കഴിഞ്ഞത്. ബാബുവിനെ രക്ഷിക്കാൻ ഹെലികോപ്റ്റർ വഴി എയർ ലിഫ്റ്റിങ് ചെയ്യാൻ ശ്രമിച്ചെങ്കിലും ചെങ്കുത്തായ മലനിര ആയതിനാൽ ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാൻ കഴിയാതെ ആ ദൗത്യം പരാജയപ്പെടുകയായിരുന്നു. പിന്നീട് കരസേന എത്തി ബാബുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച ബാബു ചികിത്സ നേടിയതോടെ പൂർണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി.
പിന്നീട് അങ്ങോട്ടേക്ക് ബാബു ആയിരുന്നു താരം. സകല മാധ്യമങ്ങളും ബാബുവിന്റെ അതിസാഹസികമായ അനുഭവങ്ങൾ പകർത്താനുള്ള തിരക്കിലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ബാബുവിന്റെ അഭിമുഖങ്ങളും വീഡിയോകളും ആണ്. എന്നാൽ ഇപ്പോൾ ബാബുവിനെ തേടിയെത്തുന്നത് വനം വകുപ്പിന്റെ കേസാണ്. വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് ആണ് ബാബുവിനും സുഹൃത്തുക്കൾക്കും എതിരെ കേസ് എടുത്തത്.
കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് ബാബുവിനെതിരെ കേ സെ ടു ത്ത ത്. ആറു മാസം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കേസ് എടുക്കുന്നതിന്റെ മുന്നോടി ആയി വാളയാർ റേഞ്ച് ഓഫീസ് ആഷിക് ബാബുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കൾക്ക് എതിരെയും വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.
ഫെബ്രുവരി എട്ടിന് ഉച്ചയോടെയായിരുന്നു ബാബുവും സുഹൃത്തുക്കളും മല കയറിയത്. മലയിൽ കുടുങ്ങിയ വിവരം ബാബു തന്നെയായിരുന്നു പുറംലോകത്തെ അറിയിച്ചത്. ഹെലികോപ്റ്റർ എത്തുന്നതിന് മുമ്പ് നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും ബാബുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഏറ്റവുമൊടുവിൽ കരസേന നടത്തിയ സമൃദ്ധമായ രക്ഷാപ്രവർത്തനത്തിലാണ് ബാബു തിരികെ ജീവിതത്തിലേക്ക് അതിസാഹസികമായി മടങ്ങി വന്നത്. ഞാൻ ചെയ്തത് തെറ്റ് തന്നെയെന്നും, അതൊരിക്കലും അവർത്തിക്കപ്പെടരുത് എന്നും ആണ് ബാബുവിന് പറയാനുള്ളത്. അത് കൊണ്ട് തന്നെ കേസ് എടുത്തതിനോട് ബാബുവിന് എതിർപ്പില്ല. തെറ്റ് ചെയ്തത് കൊണ്ട് അത് ഏറ്റുവാങ്ങാനും തയാറാണ് എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഇതേ സംഭവം ഇനിയും ആരും ചെയ്യരുത് എന്നും ബാബു ആവിശ്യപ്പെട്ടു
