മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഗീതു മോഹൻദാസ്. “ഒന്നു മുതൽ പൂജ്യം വരെ” എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി എത്തിയ താരമാണ് ഗീതുമോഹൻദാസ്.
ഈ ചിത്രത്തിലെ അതിമനോഹരമായ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചിരുന്നു. പിന്നീട് ഫാസിൽ സംവിധാനം ചെയ്‌ത് സംയുക്താവർമ്മയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ രണ്ടാം വരവ്.
“തെങ്കാശിപ്പട്ടണം”, “അകലെ”, “നമ്മൾ തമ്മിൽ”, “രാപ്പകൽ”, “പകൽ പൂരം”, “വാൽക്കണ്ണാടി”, “ഉള്ളം”, “ചൂണ്ട” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു താരം. “അകലെ” എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഗീതു മോഹൻദാസിന് ലഭിച്ചിരുന്നു. ഒരു മികച്ച നടി മാത്രമല്ല ഒരു നല്ല സംവിധായക കൂടിയാണ് ഗീതു. “കേൾക്കുന്നുണ്ടോ” എന്ന ഹ്രസ്വചിത്രത്തിലൂടെ ആയിരുന്നു ആദ്യമായി ഗീതു മോഹൻദാസ് സംവിധായികയാകുന്നത്.
“ലയേഴ്സ് ഡയസ്” എന്ന ഹിന്ദി ചിത്രവും താരം സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഗീതാഞ്ജലി താപ്പടിനും മികച്ച ചായാഗ്രഹണം അവാർഡ് രാജീവ് രവിക്കും ലഭിച്ചിരുന്നു. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സംവിധായികയായി ഏറെ സജീവമാണ് താരം. ഏറ്റവും ഒടുവിൽ നിവിൻ പോളി നായകനായ “മൂത്തോൻ” എന്ന ചിത്രമാണ് ഗീതു സംവിധാനം ചെയ്തത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് മകളുടെ വിശേഷങ്ങളും സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്താറുണ്ട് ഗീതുമോഹൻദാസ്.
ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭാവനയ്ക്കും സംയുക്താ വർമ്മയ്ക്കും ഒപ്പമുള്ള ഗീതുവിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഭാവന, മഞ്ജുവാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് എന്നിവർ അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലാവർക്കുമറിയാം. ഇടയ്ക്ക് ഇവർ ഒരുമിച്ച് കൂടാറുമുണ്ട്. ഇവർ വിശേഷദിവസങ്ങളിൽ ഒന്നിച്ചുള്ള ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്.
ഇവരുടെ ജന്മദിനങ്ങളിൽ ആശംസകൾ നേർന്നു മനോഹരമായ കുറിപ്പുകളും ആയി എത്താറുണ്ട് താരങ്ങൾ. ഭാവനയും സംയുക്ത വർമ്മയും ആയിട്ടുള്ള ഗീതുവിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. താരങ്ങൾ അടക്കം നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നു. മഞ്ജു എന്താണ് ചിത്രത്തിൽ ഇല്ലാത്തത് എന്നും ആരാധകർ അന്വേഷിക്കുന്നുണ്ട്. മലയാള സിനിമയിലെ സൂപ്പർ നായികമാർ ആണ് ഭാവനയും സംയുക്ത വർമയും മഞ്ജുവും എല്ലാം.
കഴിഞ്ഞ കുറച്ചു നാളുകൾ ആയി മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും വിവാഹത്തിന് ശേഷവും കന്നഡ സിനിമകളിൽ സജീവമാണ് ഭാവന. സംയുക്ത വർമ്മ വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിൽ യോഗാഭ്യാസത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കു വെച്ച് സംയുക്ത ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കു വെക്കാറുണ്ട്. മഞ്ജു വാരിയർ ആണെങ്കിൽ ഒരു സിനിമയ്ക്ക് പിന്നാലെ അടുത്ത സിനിമയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ.
