ഈ വരുന്ന ശിവരാത്രിക്ക് തന്റെ ‘അമ്മ കഥകളിയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന വിവരം മഞ്ജു വാര്യർ ആരാധകരുമായി പങ്കുവെച്ചിരുന്നു.കഴിഞ്ഞ ദിവസം ആണ് ഗിരിജ കഥകളിയിൽ അരങ്ങേറ്റം നടത്തിയത്. ഒന്നര വർഷമായി കഥകളി അഭ്യസിച്ച് വരുകയാണ് ഗിരിജ മാധവൻ എന്ന മഞ്ജുവിന്റെ ‘അമ്മ. പ്രായം വെറും അക്കം മാത്രമാണെന്ന് മകളെ പോലെ തന്നെ അമ്മയും തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. കല്യാണ സൗഗന്ധികം കഥയിലെ പാഞ്ചാലിയുടെ വേഷത്തിൽ ആണ് ഗിരിജ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. പെരുവനം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് അരങ്ങേറ്റം നടന്നത്. കഥകളിയിലെ തന്റെ അരങ്ങേറ്റ ദിവസം തന്റെ മകളും വേദിയിൽ ഉണ്ടാകണം എന്നാണു തന്റെ ആഗ്രഹം എന്നും എന്നാൽ ഷൂട്ടിങ് തിരക്കുകളിൽ ആയതിനാൽ അതിനു മഞ്ജുവിന് സാധിക്കുമോ എന്ന് അറിയില്ല എന്നും ഗിരിജ നേരുത്തെ പറഞ്ഞിരുന്നു.
എന്നാൽ തന്റെ അമ്മയുടെ പുതിയ തുടക്കം കാണാൻ മഞ്ജുവും എത്തിയിരുന്നു. എറണാകുളത്ത് നിന്നും പെരുവനം മഹാദേവ ക്ഷേത്രത്തിൽ എത്തിയ മഞ്ജു അമ്മയെ ചമയങ്ങൾ അണിയിക്കുന്നത് മുതൽ തന്നെ അമ്മയ്ക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു. ഈ പ്രായത്തിൽ കഥകളി അഭ്യസിക്കാൻ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് എന്റെ മക്കൾ ആയിരുന്നുവെന്നു ഗിരിജ പറഞ്ഞു.വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നതിനാല്‍ പഠനം ബുദ്ധിമുട്ടായില്ലെന്നും ഗിരിജ പറഞ്ഞു. മമ്മൂട്ടി ചിത്രം ദി പ്രിസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട പത്രസമ്മേളത്തിന് ശേഷമാണ് മഞ്ജു എറണാകുളത്ത് നിന്നും പെരുവനം ക്ഷേത്രത്തിൽ എത്തിയത്. കഥകളി കൂടാതെ ഗിരിജ മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട്. അമ്മയുടെ ഈ നേട്ടത്തിൽ ഒരുപാട് അഭിമാനം ഉണ്ടെന്നും മഞ്ജു പറഞ്ഞു.
