മലയാള സിനിമയ്ക്ക് പകരം വെക്കാനാവാത്ത നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗം തീർത്തിരിക്കുന്നത്.
ദീർഘനാളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു എങ്കിലും താരത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാളികളെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയുടെ അമ്മയും, മുത്തശ്ശിയും, വലിയ ചേച്ചിയും ആയി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരു അംഗം ആയി മാറിയ കലാകാരിയായിരുന്നു കെ പി എ സി ലളിത.
നാടകത്തിലൂടെ സിനിമയിലെത്തിയ താരം ഫെബ്രുവരി 22 നായിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്. കുറേ മാസങ്ങളായി കരൾ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു താരം. ഡയാലിസിസ് ചെയ്യാനോ ശസ്ത്രക്രിയ നടത്താനോ ആരോഗ്യപ്രശ്നങ്ങൾ കാരണം സാധിച്ചില്ല. ഏറ്റവുമൊടുവിൽ ആരെയും തിരിച്ചറിഞ്ഞില്ല എന്ന ദുഃഖ വാർത്തയായിരുന്നു പുറത്തു വന്നത്. എന്നാൽ അധികം വേദനകൾ സഹിക്കാതെ ആ അഭിനയവിസ്മയം അരങ്ങൊഴിഞ്ഞു.
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മകൻ സിദ്ധാർത്ഥിന്റെ ഫ്ലാറ്റിൽ എത്തിയിരുന്നു. എറണാകുളത്തുള്ള ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരരാജാക്കന്മാർ എല്ലാവരും പ്രിയ താരത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. പൃഥ്വിരാജ്, ദിലീപ്, ഫഹദ് ഫാസിൽ, കാവ്യ, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങൾ ആയിരുന്നു അനുശോചനം രേഖപ്പെടുത്താൻ അവിടെ എത്തിയത്.
കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധമായിരുന്നു ദിലീപിന്. ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് മുമ്പ് പലവട്ടം കെപിഎസി ലളിത തുറന്നു പറഞ്ഞിട്ടുണ്ട്. നർമ്മവും ഗൗരവമാർന്ന കഥാപാത്രങ്ങളും ഈ കലാകാരിയുടെ കൈകളിൽ ഭദ്രമായിരുന്നു. സിനിമകളിൽ നിറഞ്ഞു നിന്നെങ്കിലും ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തെക്കുറിച്ച് പല അഭിമുഖങ്ങളും ലളിത തുറന്നു പറഞ്ഞിട്ടുണ്ട്. ആ സമയത്തെല്ലാം ഒരു കൈത്താങ്ങായി, ഒരു സഹോദരനായി ഒപ്പമുണ്ടായിരുന്നത് ദിലീപ് ആയിരുന്നു എന്നും കെപിസി ലളിത പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ലളിതയുടെ വിയോഗത്തിൽ മറ്റൊരു താരത്തിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. രാത്രി മുഴുവനും കെപിഎസി ലളിതയുടെ ഭൗതിക ശരീരത്തിന് കാവലിരുന്ന് ഓരോ തവണ വിളക്കിലെ എണ്ണ തീരുമ്പോഴും അവർ അത് നിറച്ച് കൊണ്ടേയിരുന്നു. അധികം ആളുകൾ ഒന്നും ആ ഹാളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഉറങ്ങാതെ കെപിഎസി ലളിതയ്ക്ക് കൂട്ടിരുന്നു ആ കലാകാരി. അത് മറ്റാരുമല്ല നടി സരയു ആണ്.
സരയുവിന്റെ പ്രവർത്തി കണ്ടു നിരവധി ആളുകളാണ് താരത്തിനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വന്നത്. സരയു ചെയ്തത് ഒരു വലിയ കാര്യമാണെന്ന് മലയാളികൾ ഒന്നടങ്കം പറയുന്നു. ആ സന്മനസ് ഇതു പോലെ കാത്തുസൂക്ഷിക്കണം എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും പ്രേക്ഷകർ പറയുന്നു. ഒരിത്തിരി നേരം പോലും ഉറങ്ങാതെ ആയിരുന്നു സരയൂ, ലളിത ചേച്ചിക്ക് കൂട്ടിരുന്നത്. സരയുവിന്റെ പ്രവർത്തി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
