വഴി നീളെ നിറം പിടിപ്പിച്ച പോസ്റ്ററുകളില്ലാത്ത, സോഷ്യൽമീഡിയ തള്ളലുകളില്ലാത്ത, പത്ര പരസ്യങ്ങളുടെ തലയെടുപ്പുകളില്ലാത്ത, യൂട്യൂബിൽ മുട്ടിന് മുട്ടിന് ടീസറുകളും ട്രെയിലറുകളുമില്ലാത്ത, തീയേറ്ററുകളിൽ ആളെക്കൂട്ടാൻ ചെണ്ടമേളങ്ങളില്ലാത്ത, ഫാൻ ഫൈറ്റുകളില്ലാത്ത ഒരു കുഞ്ഞ് സിനിമ, പേര് ‘ഇന്‍ഷ’.
കായംകുളം കൊച്ചുണ്ണി, തൊട്ടപ്പൻ, കളിയച്ഛൻ തുടങ്ങിയ സിനിമകളിൽ വേഷമിട്ട മനക്ഷ ഇസ്മയിൽ എന്ന കഥാപാത്രമായി എത്തിയിരിക്കുന്നു. 25 വർഷത്തോളമായ് മിനിസ്ക്രീൻ അഭിനയ രംഗത്തുള്ള രാജേശ്വരി ശശികുമാർ ആണ് മാജിയുമ്മ എന്ന കഥാപാത്രമായി എത്തിയിട്ടുള്ളത്. ഇരുവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. പാർവ്വതി കൃഷ്ണകുമാർ ആണ് ടീച്ചറുടെ വേഷത്തിൽ എത്തിയിട്ടുള്ളത്. ചായക്കടക്കാരൻ കുഞ്ഞാലിക്ക എന്ന കഥാപാത്രമായ് പത്രപ്രവർത്തകൻ, എഴുത്ത് കാരൻ എന്ന നിലകളിലൊക്കെ ശ്രദ്ധേയനായ സുരേഷ് നെല്ലിക്കോട് എത്തിയിരിക്കുന്നു. സിനി, സാനിഫ് അലി, ടിമി വർഗീസ്, അഞ്ജു റാണി ജോയ്, സുമേഷ് മാധവൻ, പ്രശാന്ത്, ജെറിൽ ജോണി എന്നിരാണ് സിനിമയിൽ അറ്റ് വേഷങ്ങളിലുള്ളത്.
അനാമിക, ഹെഡ്‍ലൈൻ, നോവ് തുടങ്ങി നിരവധി ഹ്രസ്വ ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായിട്ടുള്ള സംവിധായനായ ഹോമിയോ ഡോക്ടര്‍ കൂടിയായ ഡോ.സിജു വിജയൻ. അദ്ദേഹം ആദ്യമായി അണിയിച്ചൊരുക്കിയിരിക്കുന്ന മുഴുനീള സിനിമയാണിത്. നമ്മുടെ മുൻ രാഷ്ട്രപതി ഡോ.എപിജെ അബ്‍ദുൾ കലാം പറഞ്ഞ മഹത്തായ വാക്കുകളെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് അദ്ദേഹം. “ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം; ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം”, നാല് വര്‍ഷത്തോളമായി തന്‍റെ മനസ്സിൽ കൊണ്ടു നടന്ന സ്വപ്നമാണ് അദ്ദേഹം സാക്ഷാത്കരിച്ചിരിക്കുന്നത്. ചിത്രകാരൻ കൂടിയായ അദ്ദേഹം വരച്ച മ്യൂറൽ, അക്രിലിക് ചിത്രങ്ങൾ വിറ്റും മറ്റുമാണ് സിനിമ നിര്‍മ്മിക്കുന്നതിനായുള്ള തുകയൊരുക്കിയത്. സുഹൃത്ത് ആഘോഷ് ബാബുവാണ് സഹ നിർമ്മാതാവ്.
