General News

മകളുടെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെച്ച് കെ എസ് ചിത്ര.

മലയാളത്തിന്റെ അഭിമാനതാരം ആണ് കേരളത്തിന്റെ സ്വന്തം വാനമ്പാടി എന്നറിയപ്പെടുന്ന കെ എസ് ചിത്ര. ഭാഷയുടെ അതിർ വരമ്പുകൾ കടന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, അറബിക്, സിംഹളീസ്, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചിത്രയ്ക്ക് ഓരോ നാട്ടിലും ആദരസൂചകമായി പല വിശേഷണങ്ങളും ആണ് നൽകുന്നത്. തമിഴ്നാട്ടിൽ ചിന്നക്കുയിൽ എന്നറിയപ്പെടുന്ന ചിത്രയെ കർണാടകയിൽ കന്നഡ കോകില എന്നാണ് വിശേഷിപ്പിക്കുന്നത്. ആന്ധ്രപ്രദേശിലും തെലുങ്കാനയിലും സംഗീത സരസ്വതി എന്നാണ് ചിത്രയെ വിശേഷിപ്പിക്കുന്നത്.

ചിത്രയുടെ സ്വരം കേട്ടാൽ തന്നെ ഇന്ത്യക്കാർക്ക് തിരിച്ചറിയാൻ സാധിക്കും. അത്രയേറെ ഹൃദയങ്ങളിൽ പതിഞ്ഞിട്ടുണ്ട് ആ സ്വരമാധുര്യം. 40 വർഷത്തോളം നീണ്ടുനിൽക്കുന്ന സംഗീതജീവിതത്തിൽ ഇരുപത്തയ്യായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഈ അതുല്യപ്രതിഭ. 2021ൽ രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകി ചിത്രയെ ആദരിച്ചു. ആറു തവണ ആണ് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ ചിത്ര നേടിയെടുത്തത്. 36 തവണയാണ് വിവിധ സംസ്ഥാനങ്ങളുടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത് .

1987ലാണ് എൻജിനിയർ ആയ വിജയശങ്കറെ ചിത്ര വിവാഹം കഴിക്കുന്നത്. നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് നന്ദന എന്ന മകൾ ജനിക്കുന്നത്. വൈകി വന്ന വസന്തം പോലെ ചിത്രയുടെയും വിജയശങ്കറിന്റെയും ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ തീർത്തു എത്തിയ മാലാഖ കുഞ്ഞായിരുന്നു നന്ദന. എന്നാൽ 2011ൽ ദുബായിൽ വച്ച് സ്വിമ്മിങ് പൂളിൽ ഉണ്ടായ അപകടത്തിൽ നന്ദന ഈ ലോകത്തോട് വിട പറയുകയായിരുന്നു. മകളുടെ ഓർമ ദിനത്തിൽ ചിത്ര പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ കണ്ണ് നിറയ്ക്കുന്നത്. മകളുടെ ചിത്രത്തിനൊപ്പം ആണ് ഹൃദയസ്പർശിയായ ഒരു കുറിപ്പ് താരം പങ്കുവെച്ചത്.

മകൾ നന്ദനയുടെ ജീവനായിരുന്നു ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. അവളുടെ ഓർമ്മകൾ നിധികൾ ആണെന്നും വാക്കുകൾക്ക് അപ്പുറത്താണ് നിന്നോടുള്ള ഞങ്ങളുടെ സ്നേഹം എന്നും നിന്റെ ഓർമ്മകൾ ഞങ്ങളുടെ ഹൃദയത്തിലാണ് കൊത്തി വെച്ചിരിക്കുന്നത്, അത് എന്നെന്നും നിലനിൽക്കുകയും ചെയ്യും എന്ന് ചിത്ര കുറിച്ച്. ഒരു വേള എങ്കിലും, ഒരു നോക്ക് എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണ് നീ എന്ന് ആ നിമിഷം ഞങ്ങൾക്ക് നിന്നോട് പറയണമെന്നും പ്രിയപ്പെട്ട മകളെ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു എന്ന് ആയിരുന്നു ചിത്ര മകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ചത്. വിജയ് യേശുദാസ് അടക്കം നിരവധി പ്രമുഖരാണ് ചിത്രയെ ആശ്വസിപ്പിച്ച് കുറിപ്പിനു താഴെ കമന്റ് ഇട്ടത്.

The Latest

To Top