മലയാളസിനിമയിൽ എത്ര സൂപ്പർസ്റ്റാറുകൾ വന്നിട്ടുണ്ടെങ്കിലും ജയനെ പോലെ ഒരു സൂപ്പർസ്റ്റാർ വേറെ ഉണ്ടാവില്ല. മലയാളസിനിമയിൽ ഒരിക്കലും നികത്താനാവാത്ത ഒരു വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചത്. ഷൂട്ടിങ്ങിനിടയിൽ വച്ചുണ്ടായ ഒരു അപകടത്തിനെ തുടർന്നായിരുന്നു ജയൻ മരണപ്പെട്ടത്. മരിച്ച് ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹം മലയാളികളുടെ മനസിലൂടെ ജീവിക്കുന്നു. അദ്ദേഹം ചെയ്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ടുമാത്രമാണ് ഇന്നും ജയന് ഇത്രയേറെ ആരാധകർ. പല താരങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മുന്നോട്ടു വരാറുണ്ട്. ഇപ്പോഴിതാ നടി കവിയൂർ പൊന്നമ്മ ജയനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
മലയാള സിനിമയുടെ അമ്മ എന്ന് തന്നെ കവിയൂർ പൊന്നമ്മയെ വിശേഷിപ്പിക്കാം. ദശാബ്ദങ്ങളായി മലയാള സിനിമയിൽ അമ്മ വേഷങ്ങൾ ചെയ്തു മലയാളികളുടെ സ്വന്തം അമ്മയെപ്പോലെ മാറിയ താരമാണ് കവിയൂർ പൊന്നമ്മ. മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം ‘അമ്മ അഭിനയിച്ചിട്ടുണ്ട്. ജയൻ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നോട് ചോദിച്ച ഒരു ചോദ്യം ആണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് സിനിമകളിൽ കവിയൂർ പൊന്നമ്മയും ജയനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജയനുമായി അഭിനയിച്ചതിന്റെ ഓർമ്മകൾ ഒരിക്കലും മറക്കാനാവില്ല എന്ന് താരം പറയുന്നു. അമ്മയും മോനും ആയിട്ടായിരുന്നു അഭിനയിച്ചെങ്കിലും ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന് എന്നോട് വലിയ സ്നേഹമായിരുന്നു എന്നും കവിയൂർ പൊന്നമ്മ പറയുന്നു.
ഒരു സൂപ്പർ താരത്തിന്റെ ജാഡയോ അഹങ്കാരമോ ഒന്നും ജയന് ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് ഒരാഴ്ച മുൻപ് ഇവർ ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയുടെ ഡബ്ബിങ്ങിന് വേണ്ടി കണ്ടു മുട്ടിയിരുന്നു. ശരിക്കും ആ സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞിരുന്നു. എന്നാൽ പെർഫെക്ഷൻ വേണം എന്ന് ചിന്തിക്കുന്ന ആളായതിനാൽ ജയന്റെ നിർബന്ധപ്രകാരം ആയിരുന്നു അത് ചെയ്തത്. അത്രയേറെ പെർഫക്ഷനിസ്റ്റ് ആയിരുന്നു ജയൻ. അതുപോലെ മറ്റൊരു നടനെ ഇന്നുവരെ കണ്ടിട്ടില്ലെന്നും കവിയൂർ പൊന്നമ്മ വെളിപ്പെടുത്തി. ഡബ്ബിങ്ങിന് ശേഷം പോകാൻ നേരം ജയൻ ചോദിച്ച ചോദ്യം ഇന്നും കവിയൂർ പൊന്നമ്മയുടെ ചെവിയിൽ മുഴങ്ങുന്നു. ചേച്ചിക്ക് പൈസ വല്ലതും വേണോ എന്നായിരുന്നു ജയൻ ചോദിച്ചത്. എന്നാൽ വേണ്ട എന്ന് പറഞ്ഞ് എന്താ അങ്ങനെ ചോദിച്ചത് എന്ന് കവിയൂർ പൊന്നമ്മ തിരക്കി. എന്നോട് എല്ലാവരും കാശ് ചോദിക്കാറുണ്ട് എന്നും ചേച്ചി മാത്രം ഇതുവരെ അങ്ങനെ ചോദ്യം ചോദിച്ചിട്ട് ഇല്ലാത്തതുകൊണ്ട് തിരക്കിയതാണെന്ന് ജയൻ മറുപടി പറഞ്ഞു.
