മലയാളിക്കരയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു പ്രമുഖ നടിയെ ആക്രമിച്ച കേസ്. കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കൂറുമാറി ഇരിക്കുകയാണ്. നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ വേണ്ടിയുള്ള കൊട്ടേഷൻ കേസിൽ മുപ്പത്തിനാലാം സാക്ഷിയാണ് കാവ്യമാധവൻ. ചൊവ്വാഴ്ച പ്രോസിക്യൂഷൻ വിസ്താരത്തിനിടയിൽ ആണ് താരം കൂറുമാറിയത്. ഇതിനെ തുടർന്ന് കാവ്യ മാധവനെ ക്രോസ് വിസ്താരം ചെയ്യാനുള്ള അനുമതി നേടിയിട്ടുണ്ട്. നടിയോട് കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യ പ്രതികളിൽ ഒരാളുമായി നടൻ ദിലീപിന് വ്യക്തിപരമായി ഉള്ള ശത്രുത ഉണ്ടായിരുന്നു എന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഈ വാദത്തെ സാധൂകരിക്കാൻ ആണ് കാവ്യയെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
മലയാള സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പിൽ ഹോട്ടലിൽ വെച്ച് നടിയും ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ കാവ്യ ഒപ്പമുണ്ടായിരുന്നു എന്ന മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ കേസിൽ സാക്ഷിയാക്കിയത്. സംഭവം നടന്നതു മുതൽ നടൻ ദിലീപിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ടായിരുന്നു. പിന്നീട് ദിലീപിനും കാവ്യാമാധവനും കേസിൽ പങ്കുണ്ടെന്ന് വാർത്തകൾ പ്രചരിച്ചു. ഇതുവരെ 178 പേരെയാണ് കേസിൽ വിസ്തരിച്ചത്. വിചാരണയ്ക്ക് ഉള്ള സമയം അടുത്ത മാസത്തോടെ അവസാനിക്കാനിരിക്കെയാണ് ഇനിയും ആറുമാസം സമയം വേണമെന്ന് വിചാരണകോടതി ആവശ്യപ്പെട്ടത്. ലോക്ക് ഡൗണിനെ തുടർന്ന് കോടതി തുടർച്ചയായി അടച്ചിടേണ്ടി വരുന്ന അവസ്ഥ കാരണമാണ് കൂടുതൽ സമയത്തിനായി കോടതി ആവശ്യപ്പെട്ടത്. എന്നാൽ 2021 ഓഗസ്റ്റിൽ വിസ്താരം പൂർത്തിയാക്കണമെന്നും ഇനി സമയം നീട്ടി നൽകാനാകില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
1991ൽ “പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ മാധവൻ. നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുള്ള കാവ്യ മാധവൻ, ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് നായികയായി കാവ്യാമാധവൻ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കാവ്യാമാധവൻ നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. “പെരുമഴക്കാലം”, “ഗദ്ദാമ” എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട് താരം. മലയാള സിനിമയിലെ ഭാഗ്യ ജോഡികൾ എന്നായിരുന്നു ദിലീപിനെയും കാവ്യയെയും മലയാളികൾ വിശേഷിപ്പിച്ചത്. ഇവർ ഒന്നിച്ചിരുന്ന ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിനു ശേഷം ജനപ്രിയ നടൻ ദിലീപിനെ ആണ് കാവ്യ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വിവാദങ്ങൾക്ക് എല്ലാം വിരാമമിട്ടുകൊണ്ട് സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്. ഇവർക്ക് ഒരു മകളുണ്ട്, മഹാലക്ഷ്മി.
