സോഷ്യൽ മീഡിയയിൽ തിരഞ്ഞാൽ ഏറ്റവും കൂടുതൽ ഉപദേശങ്ങൾ കാണുന്നതും നിർദേശങ്ങൾ നൽകുന്നതും പൊലീസുകാരാണ്. പ്രത്യേകിച്ചും സൈബർ പോലീസ്.
ഇന്റർനെറ്റ് ലിങ്കുകളും വാട്സപ്പ് സന്ദേശങ്ങളും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പല പോലീസുകാർ ക്ലാസ് എടുക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടും അതുകൊണ്ട് കരുതൽ എടുക്കേണ്ട വ്യാജ ലിങ്കുകളുടെ രീതി എന്താണ്, പരിചയമില്ലാത്ത ഇടത്തുനിന്ന് സന്ദേശം വന്നാൽ അത് തുറക്കരുത് എന്നിങ്ങനെ നിരവധി ഉപദേശങ്ങളാണ് സൈബർ പോലീസിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കുന്നത്.
ഇങ്ങനെ എല്ലാം ഉപദേശിക്കുന്ന പോലീസ് എന്ന കടുവയെ കുടുക്കിയ കിടുവയുടെ വാർത്തയാണ് ഇപ്പോൾ ളി ശ്രദ്ധേയമാകുന്നത്. സകല പോലീസുകാരുടെ മൊബൈലിലേക്ക് കണ്ടാൽ തട്ടിപ്പെന്ന് തോന്നുന്ന സന്ദേശം വരുന്നു. അതിൽ നിർബന്ധമായി ക്ലിക്ക് ചെയ്യണം എന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങൾ. ചെയ്തില്ലെങ്കിൽ അവർ കുഴപ്പത്തിലാകും എന്നാണ് സന്ദേശം. സ്വാഭാവികമായും സൈബർ പോലീസ് ഉണർന്നു. അന്വേഷണം ആരംഭിച്ചു. കള്ളനെ പിടികൂടാൻ രംഗത്തിറങ്ങിയപ്പോൾ ആണ് കഥ മാറിയത്.
കള്ളൻ കപ്പലിൽ തന്നെ ഉണ്ടായിരുന്നു. മുഹമ്മദ് ഖാൻ എന്ന സൈബർ പോലീസ് ഇൻസ്പെക്ടറുടെ സന്ദേശമാണ് ഇപ്പോൾ വൈറലാകുന്നത്. പൊലീസുകാർക്ക് ലഭിച്ച ഈ സന്ദേശം തട്ടിപ്പാണ് എന്ന് കരുതി തുടങ്ങിയ അന്വേഷണം എത്തിച്ചേർന്നത് കേരള പോലീസിന്റെ പുതിയ പരിഷ്കരണത്തിലേക്ക് ആണ്. പോലീസിന്റെ അസോസിയേഷനും കേരള പോലീസിലെ ചില ഉന്നതരും എച്ച്ഡിഎഫ്സി എന്ന സ്വകാര്യ ബാങ്കുമായി ഒരു കരാറിൽ ഏർപ്പെടുന്നു.
ഇതിന്റെ ഭാഗം ആയി കേരള പോലീസിലെ സകല പോലീസുകാരുടെയും അക്കൗണ്ടുകൾ എച്ച്ഡിഎഫ്സി ലേക്ക് മാറ്റുന്നു. പോലീസുകാർ അറിയാതെ തന്നെ ഇവരുടെ പേരിൽ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നു. അതിന്റെ ഭാഗമായി അത് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള വേരിഫിക്കേഷൻ നടപടികളായിരുന്നു ഈ സന്ദേശം അയക്കുന്നത്. പല പദ്ധതികളുടെ ഭാഗമായി പോലീസുകാരിൽ നിന്നും പണം ഈടാക്കുന്നതിന്റെ സങ്കീർണതകൾ അകറ്റാൻ സർക്കാർ ഇത് ചെയ്യുന്നത്.
സഹകരണ ബാങ്കുകളെ എല്ലാം പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ തന്നെ എല്ലാ പോലീസുകാർക്കും സ്വകാര്യ ബാങ്കിൽ അക്കൗണ്ടുകൾ തുറക്കുന്നു. എന്നാൽ ഈ ബാങ്ക് ഒരു സ്വകാര്യ ഏജൻസിയെയാണ് ഈ ജോലി ഏൽപ്പിച്ചിരിക്കുന്നത്. ഇതോടെ കേരള പൊലീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ അടങ്ങിയിരിക്കുന്ന ഡാറ്റാബേസ് ആണ് സ്വകാര്യ ഏജൻസിക്ക് കൈമാറിയിരിക്കുന്നത്.
കേരളത്തിലെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന വിധത്തിൽ മുഴുവൻ പോലീസുകാരുടെ ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശദാംശങ്ങളും എല്ലാം അവർക്ക് ലഭ്യമായിരുന്നു. അവർ പോലുമറിയാതെ അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നു. അക്കൗണ്ട് വേണ്ടെന്നു പറഞ്ഞാൽ ശമ്പളം ലഭിക്കുകയുമില്ല.
