ദീർഘ നാളായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രശസ്ത നടി കെ.പി.എ.സി ലളിത(74) അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങൾ കാരണം ദീർഘ നാളുകളായി ചികത്സയിൽ ആയിരുന്നു താരം. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ സഹനടി ആയും ‘അമ്മ വേഷങ്ങളിലും അറുനൂറിലേറെ ചിത്രങ്ങളിൽ കെ.പി.എ.സി ലളിത അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ താരം തോപ്പിൽ ഭാസിയുടെ “കൂട്ടുകുടുംബം” എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയും ‘അമ്മ വേഷങ്ങളിൽ തിളങ്ങിയ കെ.പി.എ.സി ലളിതയോട് ഒരു അമ്മയോടെന്ന പോലുള്ള സ്നേഹം ആയിരുന്നു മലയാളികൾക്ക്. താരത്തിന്റെ അഭിനയ മികവിന് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാര നാല് തവ സംസ്ഥാന പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ ആണ് കരസ്ഥമാക്കിയത്. ഇതിഹാസ സംവിധായകൻ ഭരതൻ ആയിരുന്നു കെ.പി.എ.സി ലളിതയെ വിവാഹം കഴിച്ചത്.
മലയാളികൾക്ക് എന്നും ഓർക്കാവുന്ന ഒരുപാട് നർമ മുഹൂർത്തങ്ങൾ നൽകിയ കൂട്ടുകെട്ട് ആയിരുന്നു കെ.പി.എ.സി ലളിതയും ഇന്നസെന്റും. ഒന്നിച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ ആയി മാറുകയായിരുന്നു ഇവർ. ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിച്ചിട്ടുള്ള കെ.പി.എ.സി ലളിത പത്താം വയസിൽ ആയിരുന്നു നാടകത്തിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് അങ്ങോട്ടേക്ക് നാടകവും സിനിമയും ആയിരുന്നു താരത്തിന്റെ ലോകം.
മലയാളത്തിന് പുറമെ ചില തമിഴ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 1978ലാണ് കെ.പി.എ.സി ലളിതയെ ഭരതൻ വിവാഹം കഴിക്കുന്നത്. ഒരുമിച്ചു പ്രവർത്തിച്ച ചിത്രങ്ങളിൽ നിന്നുണ്ടായ സൗഹൃദം ആണ് വിവാഹത്തിലേക്ക് എത്തിയത്. ഭരതന്റെ വിയോഗത്തോടെ സിനിമയിൽ നിന്നും കുറച്ചു കാലം വിട്ടു നിന്ന താരം “വീണ്ടും ചില വീട്ടുകാര്യങ്ങൾ” എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആയിരുന്നു ഗംഭീര തിരിച്ചുവരവ് നടത്തിയത്.
നർമ്മവും ഗൗരവമാർന്ന കഥാപാത്രങ്ങളും കെ.പി.എ.സി ലളിതയുടെ കൈകളിൽ ഭദ്രമായിരുന്നു. ദീർഘനാളായി കരൾ സംബന്ധമായ രോഗങ്ങൾ കാരണം ചികിത്സയിൽ കഴിയുകയായിരുന്നു താരം. തീർത്തും അവശയായ താരം ആകെ സംസാരിക്കാതെ ആയതും ആരെയും തിരിച്ചറിയാൻ ആവാത്ത വിധം ആയതും വേദനയോടെ ആണ് മലയാളികൾ ഏറ്റെടുത്തത്. ഒരിക്കലും മരിക്കാത്ത ഒരുപാട് കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ചിട്ട് മലയാളികളുടെ സ്വന്തം ‘അമ്മ കെ.പി.എ.സി ലളിത യാത്രയായി.
