സമൂഹമാധ്യമങ്ങൾ ഇന്ന് നമ്മുടെ ജീവിതങ്ങളുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്. ഒരുപക്ഷേ യഥാർത്ഥ ജീവിതത്തിൽ നമ്മുടെ അടുത്തുള്ളവരെക്കാൾ കൂടുതൽ സമയം ചിലവാക്കുന്നത് സമൂഹമാധ്യമങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്കൊപ്പം ആയിരിക്കും. ഒരുപാട് ആളുകളുടെ ജീവിതം തന്നെ മാറ്റിമറിച്ചതിൽ സമൂഹ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. ഒരു ചെറിയ വീഡിയോ വൈറൽ ആവുന്നതോടെ ഒറ്റ രാത്രി കൊണ്ട് തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ നിരവധി ആളുകളെ നമുക്കറിയാം. അങ്ങനെ ഒരു 20 കാരിയുടെ ജീവിതം മാറ്റിമറിച്ച സംഭവം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
സമൂഹമാധ്യമങ്ങളിൽ ഇരുപതുകാരിയായ പാലാക്കാരി പങ്കുവെച്ച ഒരു കമന്റ് ആണ് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാക്ഷാത്കരിക്കാൻ കാരണമായത്. മരണത്തിനെ അഭിമുഖീകരിച്ച് പതറാതെ സധൈര്യം പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ധന്യയുടെ സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ. പാലാ കടനാട് പാണ്ടിയൻമാക്കൽ സോജന്റെ മകളാണ് ധന്യ. വിദേശത്ത് പഠിക്കുകയായിരുന്ന ധന്യ മാതാപിതാക്കളെയും അവിടേക്ക് കൊണ്ടുപോകുവാൻ തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അസുഖം ഒരു വില്ലനായി അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കഞ്ചസ്റ്റഡ് ഹാർട്ട് ഫെയിലിയർ എന്ന അപൂർവ്വമായ ഒരു അസുഖം ബാധിച്ച ധന്യയുടെ ഹൃദയത്തിന്റെ 20% മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇത്രയും നാൾ മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് തന്നെ ജീവിക്കുകയായിരുന്നു ഈ 20കാരി. അങ്ങനെയിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ മലബാർ ഗോൾഡിന്റെ പുതിയ പരസ്യം ധന്യ കാണാൻ ഇടയാകുന്നത്.
ആഭരണമണിഞ്ഞ് സുന്ദരിയായി ഒരുങ്ങി നിൽക്കുന്ന മലബാർ ഗോൾഡിലെ മോഡലിനെ കണ്ടപ്പോൾ അതുപോലെ ഒന്ന് ഒരുങ്ങി നിൽക്കുവാൻ ധന്യയും ആഗ്രഹിച്ചു. മനസിലെ ആഗ്രഹം മറച്ചു വെക്കാതെ തന്റെ ആഗ്രഹം ആ പോസ്റ്റിനു താഴെ കമന്റ് ആയി തന്നെ ഇടുകയും ചെയ്തു. എന്നാൽ ഒരു തമാശപോലെ ധന്യ കുറിച്ച ആ വാക്കുകൾ അവളുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ധന്യയുടെ കമന്റ് ശ്രദ്ധയിൽപെട്ട മലബാർഗോൾഡ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർ ധന്യയെ വിളിക്കുകയും അവളുടെ ആഗ്രഹം നടത്താൻ അവസരം വാഗ്ദാനം നൽകുകയും ചെയ്‌തു. അങ്ങനെ അപ്രതീക്ഷിതമായി തന്റെ സ്വപ്ന സാക്ഷാത്കാരത്തിനുള്ള അവസരം നേടിയെടുത്തിരിക്കുകയാണ് ധന്യ. വീട്ടുകാർ അറിഞ്ഞതോടെ ഒരു ഉത്സവമേളം ആയിരുന്നു ധന്യയുടെ വീട്ടിൽ.
സിനിമാ താരങ്ങൾ വരെ മോഡൽ ആകുന്ന മലബാർ ഗോൾഡിന്റെ പരസ്യത്തിനായി തങ്ങളുടെ മക്കൾക്ക് അവസരം ലഭിച്ചതിൽ ധന്യയുടെ മാതാപിതാക്കൾ അഭിമാനിച്ചു. വിവാഹ ഗൗണിൽ ഒരുങ്ങി വന്ന ധന്യയെ കാണാൻ ഒരു മാലാഖയെപ്പോലെ ഉണ്ടായിരുന്നു. തന്റെ അസുഖത്തിനെ കുറിച്ച്തൊ യാതൊന്നും വകവെക്കാതെ മനോഹരമായ ആ ദിവസം മനസ്സു നിറഞ്ഞ് ആഘോഷിച്ചു ധന്യ. ഫോട്ടോ ഷൂട്ട് കഴിഞ്ഞു ഒരു സമ്മാനവുമായി ധന്യയെ മടക്കിയ മലബാർ ഗോൾഡ്നോടുള്ള നന്ദിയും ധന്യ അറിയിച്ചു. ജീവിതത്തിൽ ഒരു ചെറിയ കാര്യം ഉണ്ടായാൽ പോലും തളർന്നു പോകുന്ന യുവതലമുറയ്ക്ക് പ്രചോദനം തന്നെയാണ് ധന്യ എന്ന ഈ 20 വയസ്സുകാരി.
