തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും വിവാഹിതരാകുന്നു.
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന രീതിയിൽ ശ്രദ്ധേയായ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിൻ ദേവും ആണ് വിവാഹിതരാകുന്നത്. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ എന്നതാണ് മറ്റൊരു പ്രത്യേകത.
ഇരുപത്തിയൊന്നാം വയസ്സിൽ മേയർ ആയി ആര്യ രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടതോടെ ആയിരുന്നു രാജ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സ്ഥാനം കരസ്ഥമാക്കിയത്. ആര്യയുടെ സ്കൂൾ കോളേജ് പഠനങ്ങളെല്ലാം തിരുവനന്തപുരത്തു നിന്ന് തന്നെയായിരുന്നു. ബാല സംഘത്തിന്റെ സ്റ്റേറ്റ് പ്രസിഡണ്ട് ആയ ആര്യ രാജേന്ദ്രൻ എസ്എഫ്ഐയുടെ സ്റ്റേറ്റ് കമ്മിറ്റി അംഗം കൂടിയായിരുന്നു.
2020-ലെ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്ന ആര്യ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീകലയെ 2872 വോട്ടുകളിൽ പരാജയപ്പെടുത്തിയായിരുന്നു ഈ അപൂർവ നേട്ടം കൈവരിച്ചത്. ഇരുപത്തിമൂന്നാം വയസ്സിൽ കൊല്ലം മേയർ ആയ സബിതാ ബീഗത്തിന്റെ റെക്കോർഡ് ആയിരുന്നു ഇതോടെ ആര്യ മറികടന്നത്. എസ്എഫ്ഐയുടെ സെക്രട്ടറി ആയ സച്ചിൻ ദേവ് പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു.
കോഴിക്കോട് സ്വദേശി ആയ സച്ചിന്റെ സ്കൂൾ-കോളേജ് പഠനങ്ങളെല്ലാം കോഴിക്കോട് വെച്ച് തന്നെ ആയിരുന്നു. 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ മത്സരിച്ച സച്ചിൻ ഭീമമായ 20372 വോട്ടുകളോടെ വിജയിക്കുകയായിരുന്നു. 2021ലെ സംസ്ഥാനത്തെ അസംബ്ലി പോളുകളിൽ ഏറ്റവും പ്രായം കുറഞ്ഞ സിപിഐഎം സ്ഥാനാർഥി ആയിരുന്നു സച്ചിൻ. ഇപ്പോഴിതാ ആര്യയുടെയും സച്ചിന്റെയും വിവാഹവാർത്തകൾ ആണ് പുറത്തു വരുന്നത്.
വിവാഹത്തിന്റെ തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ എം നന്ദകുമാർ പറഞ്ഞു. സമ്മേളനങ്ങളുടെ തിരക്ക് കഴിയുന്നതോടെ ഒരു മാസത്തിനു ശേഷമായിരിക്കും വിവാഹം എന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാലസംഘ കാലം മുതലുള്ള പരിചയമാണ് ഇരുവരും. ബാലസംഘം എസ്എഫ്ഐ പ്രവർത്തന കാലത്ത് തന്നെ ഇവർ സുഹൃത്തുക്കളായിരുന്നു.
ആ സൗഹൃദം ആണ് ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻ നിലവിൽ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കൂടിയാണ് . വിവാഹ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് എംഎൽഎ സച്ചിൻദേവ്. വിവാഹ തീയതിയെ പറ്റിയുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്നും എംഎൽഎ പ്രതികരിച്ചു.
