ജീവിതത്തിൽ നാം എത്ര ഒറ്റപ്പെട്ടു പോയാലും ഒരു അദൃശ്യശക്തി നമ്മളെ എപ്പോഴും ഉയർത്താൻ ഉണ്ടാവും. ലീലയുടെ ജീവിതത്തിൽ ആ ശക്തിയായി എത്തിയത് മൈമൂന ആയിരുന്നു. കൂമൻചീരി ചൂരിയോട് ആദിവാസി കോളനിയിലെ ബാബുവിന്റെ ഭാര്യയാണ് ലീല. പാലക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കാപ്പുപറമ്പിലെ ആശാവർക്കർ ആയ മൈമൂന, ആദിവാസി കോളനി സന്ദർശിച്ചപ്പോഴായിരുന്നു ഗർഭിണിയായ ലീലയെ കാണുന്നത്. എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കണം എന്ന് മൈമൂന അറിയിച്ചു. അങ്ങനെയാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടരയ്ക്ക് ലീലയുടെ ഭർത്താവ് മൈമൂനയെ ഫോണിൽ വിളിക്കുന്നത്. ഭാര്യയ്ക്ക് ഒട്ടും വയ്യ എന്ന് പറഞ്ഞായിരുന്നു ബാബു വിളിച്ചത്. ഒരുപാട് ഡ്രൈവർമാരെ വിളിച്ചെങ്കിലും ആരും വരാൻ തയ്യാറായില്ല. അങ്ങനെ കോൽകാട്ടിൽ സലാം എന്ന ഡ്രൈവർ ലീലയെ ആശുപത്രിയിലെത്തിക്കാൻ സമ്മതിച്ചു.
ഓട്ടോയിൽ കയറി ചൂരിയോട് ആദിവാസി കോളനിയിൽ ചെന്ന് ലീലയെയും കയറ്റി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്നു അവർ. വളരെ മോശമായ റോഡിന്റെ അവസ്ഥ കാരണം കൂടുതൽ വേഗതയിൽ പോകാനുള്ള സാഹചര്യവുമില്ല. എന്നാൽ ലീലയ്ക്ക് പ്രസവ വേദന ആരംഭിക്കുകയും ചെയ്തു. കൂടുതലൊന്നും ചിന്തിക്കാതെ ഓട്ടോഡ്രൈവറോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട് മൈമൂന ലീലയെ ഓട്ടോയിൽ പിടിച്ചു കിടത്തി. ആശുപത്രിയിലേക്ക് എത്തിക്കാൻ നിൽക്കാതെ ഓട്ടോയ്ക്ക് അകത്ത് വച്ച് തന്നെ മൈമൂന ലീലയുടെ പ്രസവം എടുക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
കൃത്യസമയത്ത് മൈമൂനയുടെ ഇടപെടൽ ഉണ്ടായതുകൊണ്ട് അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു. എംബിബിഎസും ബിരുദാനന്തരബിരുദവും ഉള്ള ഡോക്ടർമാർ പോലും എന്തെങ്കിലും സങ്കീർണ്ണതകൾ വന്നാൽ പ്രസവം എടുക്കാൻ മടിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു ആശാവർക്കർ കാണിച്ച ധൈര്യത്തിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ. ഉചിതമായ സമയത്ത് വേണ്ടതുപോലെ പ്രവർത്തിച്ച് ആദിവാസി പെൺകുട്ടിയുടെ പ്രസവം എടുത്ത് മാതൃകയായിരിക്കുകയാണ് മൈമൂന. മൈമൂനയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം ആണ് സമൂഹമാധ്യമങ്ങളിൽ നിറയെ. ഇതിനു മുമ്പ് പ്രസവം എഴുത്ത് പരിചയം ഉള്ളതുകൊണ്ട് ലീലയെ ഒരു പ്രതിസന്ധി ഘട്ടത്തിൽ തുണയ്ക്കാൻ മൈമൂനയ്ക്ക് സാധിച്ചു. ലീലയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച മൈമൂനയ്ക്കും, മറ്റു ഡ്രൈവർമാർ വരാൻ കൂട്ടാക്കാത്തപ്പോൾ ഗർഭിണിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായ ഓട്ടോ ഡ്രൈവർ സലാമിനും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
