Film News

പരിപാടിക്കിടെ ആ ശബ്ദം കേട്ടതോടെ താരം പൊട്ടിക്കരയുകയായിരുന്നു ! മേഘ്‌ന രാജിന്റെ വീഡിയോ ആരാധകരെയും സങ്കടത്തിൽ ആഴ്ത്തി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അന്യഭാഷ നടിയാണ് മേഘ്ന രാജ്. “യക്ഷിയും ഞാനും” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മേഘ്ന വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു.

“ബ്യൂട്ടിഫുൾ”, “മെമ്മറീസ്”, “അച്ഛന്റെ ആൺമക്കൾ”, “നമുക്കു പാർക്കാൻ”, “മാഡ് ഡാഡ്”, “റെഡ് വൈൻ” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ്.

ബാലതാരമായി അഭിനയരംഗത്തെത്തിയ മേഘ്ന മലയാളത്തിൽ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മോഹൻലാൽ, ഇന്ദ്രജിത് തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്. മേഘ്‌നയുടെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം മലയാളികളെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. 2020 ജൂണിലായിരുന്നു ചിരഞ്ജീവി ഈ ലോകത്തോട് വിട പറഞ്ഞത്.

സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ച വാർത്തയായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതം മൂലമായിരുന്നു താരം മരണപ്പെട്ടത്. മരണസമയത്ത് മൂന്നു മാസം ഗർഭിണിയായിരുന്നു നടി മേഘ്ന. സ്വന്തം കുഞ്ഞിനെ ഒരു നോക്ക് കാണാൻ ആവാതെ ചിരഞ്ജീവി എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞത് ആരാധകലോകത്തെ നൊമ്പരപ്പെടുത്തിയിരുന്നു. പത്തു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു 2018 ൽ ഇവർ വിവാഹിതരായത്.

എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടു നിൽക്കാതെ മേഘ്നയെ തനിച്ചാക്കി ചീരു യാത്രയായി. 2020 ഒക്ടോബറിലായിരുന്നു മേഘ്‌നയ്ക്ക് ഒരു ആൺ കുഞ്ഞ് പിറന്നത്. ജൂനിയർ ചീരുവിന്റെ വരവ് ആരാധകരും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മകന്റെ വിശേഷങ്ങളും ചിത്രങ്ങളും മേഘ്ന സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. റായാൻ എന്ന ജൂനിയർ ചീരുവിന് ഈ ചെറുപ്രായത്തിൽ തന്നെ ആരാധകർ ഏറെയാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള മേഘ്ന മകന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻ റയാൻ രാജ് സർജയുടെ വരവോടു കൂടിയാണ് തന്റെ ജീവിതത്തിൽ പുഞ്ചിരി വീണ്ടും വന്നതെന്ന് മേഘ്ന പലപ്പോഴും പറയാറുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ സജീവമാവുകയാണ് മേഘ്ന. ഇപ്പോഴിതാ കളേഴ്സ് കന്നഡ ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായ മേഘ്ന തന്റെ ആദ്യ വാലന്റ്റൈൻസ് ദിനത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത് ആണ് ശ്രദ്ധേയമാവുന്നത്.

ചിരഞ്ജീവിയിൽ നിന്നും കിട്ടിയ വിവാഹവാർഷിക സമ്മാനത്തെ കുറിച്ചും താരം തുറന്നു പറഞ്ഞു. 2019ൽ ആദ്യത്തെ വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു നെക്ലേസ് ആയിരുന്നുചിരഞ്ജീവി മേഘ്‌നയ്ക്ക് സമ്മാനിച്ചത്. പ്രണയ ദിനത്തിലും സമ്മാനങ്ങൾ നൽകിയിരുന്നു ചീരു. ഇതെല്ലം നിധി പോലെ സൂക്ഷിക്കുകയാണ് മേഘ്ന ഇപ്പോഴും. മുട്ടുകുത്തി നിന്നായിരുന്നു ചീരു മേഘ്‌നയോട് വിവാഹാഭ്യർഥന നടത്തിയത്.

ചീരുവും മേഘ്നയും ഒരുമിച്ചുള്ള ഫോട്ടോ ഇപ്പോഴും മേഘ്ന കിടക്കയിൽ വെച്ചിട്ടുണ്ട് എന്നും താരം പറയുന്നു. അങ്ങനെ ചീരുവിന്റെ ഓർമ്മകൾ നിറഞ്ഞ മനസോടെ ഒരു ചിരിയോട് കൂടി ആയിരുന്നു ഓരോന്നായി താരം പങ്കുവെച്ചത്. ഒരു തരി വിഷാദമോ മുഖത്തിൽ ഭാവവ്യത്യാസമോ ഒന്നുമില്ലായിരുന്നു. എന്നാൽ സംഘാടകർ പെട്ടെന്ന് ചിരഞ്ജീവിയുടെ ശബ്ദം കേൾപ്പിച്ചപ്പോൾ മേഘ്ന വിങ്ങി പൊട്ടുകയായിരുന്നു.

ചീരുവിന്റെ ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ മേഘ്നയെ അവിടെയുള്ളവർ ചേർന്ന് ആശ്വസിപ്പിക്കുക ആയിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ ശബ്ദം കേട്ടപ്പോൾ ഒരു നിമിഷത്തേക്ക് സത്യമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എന്ന് മേഘ്ന കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു. ഹൃദയസ്പർശിയായ ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

The Latest

To Top