64 വർഷം മുമ്പ് അഞ്ച് കോടി രൂപ കേന്ദ്രസർക്കാർ മുതൽമുടക്കിയ എൽഐസി എന്ന സ്ഥാപനത്തിന് ഇന്ന് 38 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്.
ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. എൽഐസിയുടെ 10 ശതമാനം ഓഹരി വിൽക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കുകയാണ്.
49 ശതമാനം ഓഹരി വിൽക്കാൻ ഉള്ള നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി പ്രാഥമിക ഓഹരി വില്പനയ്ക്കായി ഓഹരിവിപണി നിരീക്ഷണ ബോർഡ് ആയ സെബിക്ക് കരടുരേഖ സമർപ്പിച്ചു എന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്നത്.
എൽഐസിയുടെ അഞ്ച് ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ കേന്ദ്രസർക്കാർ വിറ്റഴിക്കുന്നത്. അടുത്ത മാസത്തോടെ ഐപിഒ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പൂർണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലാണ് എൽഐസി. എൽഐസിയിൽ അവകാശികളെ കാത്തു കിടക്കുന്നത് 21,000 കോടിയിലധികം രൂപയാണ്. കേന്ദ്രത്തിലെ പല വകുപ്പുകളുടെയും ആകെയുള്ള ബജറ്റിനെക്കാളും ഉയർന്ന തുകയാണിത്.
എൽഐസി ക്ലെയിമുകൾ തീർപ്പാക്കിയതിനു ശേഷവും തുകകൾ പറ്റാത്ത ഇൻഷുറൻസ് ക്ലെയിമുകളും, കാലാവധി അവസാനിച്ച പോളിസികളും, തിരികെ നൽകേണ്ട അധിക തുകകളും, കുടുംബാംഗങ്ങൾ മറന്നത് കാരണം ക്‌ളെയിം ചെയ്യാൻ വിട്ടു പോയതും ആയി ഭീമമായ ഒരു സംഖ്യ അവകാശികളെ കാത്തു കിടക്കുകയാണ് എൽഐസിയിൽ. 21539 കോടി രൂപയിൽ 90% അഥവാ 19258 കോടി രൂപ പോളിസി കാലാവധി കഴിഞ്ഞ വിഭാഗത്തിലാണ്.
2021 മൂർച്ച മുതൽ ആറ് മാസം കൊണ്ടാണ് അവകാശികളില്ലാതെ തുക 16.5 ശതമാനം ആയി വർധിച്ചത്. കഴിഞ്ഞ ആറു മാസം കൊണ്ട് 4346.5 കോടി രൂപയാണ് അവകാശികൾ ഇല്ലാത്ത വിഭാഗത്തിലേക്ക് മാറ്റിയത്. നിലവിൽ അവകാശികളില്ലാതെ കിടക്കുന്ന പകുതിയിലധികം തുകയും കഴിഞ്ഞ മൂന്നു വർഷമായി ഈ വിഭാഗത്തിൽ മാറ്റിയതാണ്. ഇതുവരെ ഇത് കൈപ്പറ്റാൻ ആളുകൾ എത്തിയിട്ടില്ല. ഇതേ കാലയളവിൽ വിവിധ സ്കീമുകളുമായി ബന്ധപ്പെട്ട് 1527.6 കോടി രൂപയാണ് എൽഐസി ഉപഭോക്താക്കൾക്ക് നൽകിയതെന്നും കണക്കുകൾ പുറത്തു വിട്ടിട്ടുണ്ട്.
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഉള്ള നടപടികളുടെ ഭാഗമായി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നൽകിയത് രേഖകളിലാണ് 2021 സെപ്റ്റംബറിലെ കണക്ക് പ്രകാരമുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. 2019 സാമ്പത്തിക വർഷത്തിൽ 13843.7 കോടി രൂപയായിരുന്ന തുക, 2021ൽ 18495.32 കൂടിയായി വർധിച്ചിരിക്കുകയാണ്. ക്ലെയിം ചെയ്യാത്ത തുകയും അതിന്റെ പലിശയും ഉൾപ്പെടുന്ന തുകയാണിത്.
ആയിരം രൂപയോ അതിൽ കൂടുതൽ തുകയോ ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ അക്കാര്യം വെബ്സൈറ്റിൽ ഇൻഷുറൻസ് കമ്പനികൾ പ്രസിദ്ധീകരിക്കണമെന്ന് നിർദേശമുണ്ട്. 10 വർഷമായിട്ടും ആരും ക്ലെയിം ചെയ്തില്ലെങ്കിൽ തുക മുതിർന്ന പൗരന്മാരുടെ ക്ഷേമ നിധിയിലേക്ക് മാറ്റുകയാണ് ചെയ്യുക.
