പണ്ടു കാലങ്ങളിൽ കൂട്ടുകുടുംബവ്യവസ്ഥയായിരുന്നു നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നത്.
എട്ടും പത്തും മക്കളും അവരുടെ കുടുംബങ്ങളും ആയി വീട് നിറയെ ആളുകളും കുട്ടികളുമായി സന്തോഷം നിറഞ്ഞ ഒരു കാലമായിരുന്നു അത്. എന്നാൽ പിന്നീട് അതെല്ലാം മാറി അണു കുടുംബത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ അച്ഛനും അമ്മയും രണ്ട് കുട്ടികളും എന്ന ഒരു സമ്പ്രദായം ആയി മാറി കുടുംബം. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കൂട്ടിന് ആരും ഇല്ലാതെ വിഷമിക്കുന്ന കുട്ടികൾ.
അവർ വലുതായി ജോലിക്ക് പോവുകയും സ്വന്തം കുടുംബമായി മറ്റൊരു ഇടത്ത് കഴിയുകയും ചെയ്യുമ്പോൾ അനാഥരായി കഴിയേണ്ടി വരുന്ന മാതാപിതാക്കൾ. ഇതാണ് വർത്തമാനകാലത്തിന്റെ യാഥാർത്ഥ്യം. സോഷ്യൽ മീഡിയയിലൂടെ ദൂരെയുള്ളവരെയും ഒരിക്കൽ പോലും കാണാത്തവരെയും കുറിച്ച് നമ്മൾ അന്വേഷിക്കുമ്പോൾ പലപ്പോഴും അടുത്ത മുറിയിൽ നിൽക്കുന്ന പ്രിയപ്പെട്ടവരെ കുറിച്ചോ അടുത്ത വീട്ടിൽ താമസിക്കുന്ന അയൽവാസികളെ കുറിച്ചോ ആരും അന്വേഷിക്കാറില്ല.
അത്രയേറെ തിരക്കേറിയ ജീവിതമാണ് ഇന്നത്തെ മനുഷ്യർക്ക്. ഇപ്പോൾ ഇതാ ആരെയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ലണ്ടനിൽ നിന്നും പുറത്തുവരുന്നത്. രണ്ടു വർഷത്തിലേറെയായി ഫ്ലാറ്റിൽ നിന്നും ദുർഗന്ധം പരക്കുന്നതിനെ തുടർന്ന് അയൽവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ചില കാര്യങ്ങൾ പുറത്തു വന്നത്. 61 കാരിയുടെ ജഡം ആയിരുന്നു പരിശോധനയിൽ കണ്ടെത്തിയത്.
ലണ്ടനിലെ പെക്കാമിലാണ് നിർഭാഗ്യകരമായ ഈ സംഭവം നടന്നത്. മൂന്നു നിലകളുള്ള ഒരു കെട്ടിടത്തിലെ ഫ്ലാറ്റിനുള്ളിൽ നിന്നും 2019 ഒക്ടോബർ മാസം മുതൽ ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ ബന്ധപ്പെട്ട അധികാരികളോട് പരാതിപ്പെട്ടിരുന്നു. രണ്ടു വർഷമായിട്ടും ഈ പരാതിയിൽ യാതൊരു നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ല. രണ്ടു ദിവസം മുമ്പായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഫ്ലാറ്റിന്റെ വാതിൽ ബലമായി തുറന്നു പരിശോധന നടത്തിയത്.
ഇതോടെ ഒരു സ്ത്രീയുടെ മരിച്ച ജഡം അഴുകി അസ്ഥികൂടം മാത്രമായി നിൽക്കുന്നതായിരുന്നു കണ്ടെത്താൻ കഴിഞ്ഞത്. തൊട്ടടുത്ത ഫ്ലാറ്റിൽ ജീവിക്കുന്നവർ 2019ൽ വിദേശയാത്രയ്ക്ക് പോയിരുന്നു. ഇവർ തിരികെ വന്നപ്പോൾ മുതൽ പരിസരമാകെ ദുർഗന്ധം പരക്കുന്ന നിലയിലായിരുന്നു. ഒടുവിൽ സഹിക്കാനാവാതെ അവരുടെ പ്രധാന വാതിലിനു താഴെയുള്ള വിടവിൽ ടവ്വൽ ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. വീണ്ടും ആഴ്ചകൾ പിന്നിട്ടിട്ടും ദുർഗന്ധത്തിന് യാതൊരു മാറ്റം ഉണ്ടായില്ല.
ഇത് കൂടാതെ മരണപ്പെട്ട സ്ത്രീയെ കാണാതെ വന്നതിനുള്ള സംശയത്തിൽ അയൽവാസികൾ തുടരെത്തുടരെ പരാതികൾ അധികാരികളോട് സമർപ്പിച്ചിരുന്നു. എന്നാൽ അധികാരികളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഫ്ലാറ്റിനു മുന്നിൽ സ്ഥാപിച്ചിരുന്ന ലെറ്റർ ബോക്സിൽ കത്തുകൾ കുമിഞ്ഞുകൂടിയ നിലയിലായിരുന്നു കണ്ടിരുന്നത്. തുടർന്ന് വീണ്ടും പരാതിപ്പെട്ടപ്പോൾ ആയിരുന്നു ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പലരും ലണ്ടൻ നഗരം വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുന്ന സമയമായിരുന്നു അത്. ഫ്ലാറ്റിൽ ഉള്ള സ്ത്രീയും ഇതേ രീതിയിൽ ലണ്ടനിൽ നിന്നും പോയി കാണുമെന്ന സാധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥർ വീട് തുറന്നു നോക്കാതെ മടങ്ങുകയായിരുന്നു. എന്നാൽ അയൽക്കാർ വീണ്ടും പരാതി ഉന്നയിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ വീടിന്റെ വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു.
ഇതോടെയാണ് അറുപത്തിയൊന്നുകാരിയുടെ ജഡം കണ്ടെത്തിയത്. ഈ രണ്ടു വർഷക്കാലത്തിനിടയിൽ സ്ത്രീയുടെ വിവരങ്ങൾ അന്വേഷിച്ച് ആരും എത്തിയില്ല എന്നത് വിഷമകരമാണ്. മരണ കാരണം വ്യക്തമല്ലെങ്കിലും അസ്വാഭാവിക മരണത്തിന് ഉള്ള സാധ്യത ഇല്ല എന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന് തൊട്ട് അടുത്തുള്ള ഒരു സ്ത്രീ മരിച്ചിട്ടും രണ്ടു വർഷക്കാലം അതറിയാതെ പോയ ഒരു സമൂഹത്തിൽ ആണ് നമ്മൾ ഇന്ന് ജീവിക്കുന്നത് എന്ന് വേദനയോടെ അല്ലാതെ പറയാൻ കഴിയില്ല.
