“ദി മഗ്ഗി ഹു നോ ടൂ മച്” എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് നിത്യ മേനോൻ.
ദേശീയ അവാർഡ് ജേതാവ് കെ പി കുമാരൻ സംവിധാനം ചെയ്ത “ആകാശഗോപുരം ” എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്തേക്ക് നായികയായി നിത്യ മേനോൻ കടന്നു വന്നു. 2008ൽ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും നിരവധി അവസരങ്ങൾ താരത്തിനെ തേടിയെത്തുകയായിരുന്നു.
“കേരള കഫെ”, “അപൂർവ്വരാഗം”, “ഉറുമി”, “ഉസ്താദ് ഹോട്ടൽ”, “വയലിൻ”, “തത്സമയം ഒരു പെൺകുട്ടി”, “100 ഡെയ്‌സ് ഓഫ് ലവ്”, “ബാംഗ്ലൂർ ഡെയ്‌സ്”, “പ്രാണ ” തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട നായിക ആയി മാറുകയായിരുന്നു നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലെല്ലാം ശക്തമായ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുള്ള മുൻനിര നായികമാരിൽ ഒരാൾ ആണ് നിത്യ മേനോൻ.
തെന്നിന്ത്യൻ സിനിമകളിൽ നിന്നും കടന്ന് അങ്ങ് ബോളിവുഡിൽ എത്തിയിരിക്കുകയാണ് താരമിപ്പോൾ. 2019 ൽ “മിഷൻ മംഗൾ ” എന്ന സിനിമയിലൂടെ അക്ഷയ് കുമാറിന്റെ നായിക ആയി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ താരസുന്ദരി. വ്യത്യസ്തവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് നിത്യ മേനോൻ. അഭിനയത്തിന് പുറമെ നല്ല ഒരു ഗായിക കൂടിയാണ് താരം.
മൂന്നു ഫിലിംഫെയർ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള താരം പലപ്പോഴും ബോഡി ഷെയ്‌മിങ്ങിന് ഇരയായിട്ടുണ്ട്. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് പലപ്പോഴും താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പങ്കു വെച്ചാൽ തന്റെ ശരീരത്തിന് അളവെടുക്കാൻ ആണ് ആളുകൾ നോക്കുന്നത് എന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന വളരെ മോശം രീതിയിലുള്ള സന്ദേശങ്ങളാണ് ഇൻബോക്സിൽ വരാറുള്ളത് എന്നും പലരും അവരുടെ സ്വകാര്യഭാഗത്തിന്റെ ചിത്രങ്ങൾ വരെ അയക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.
എന്നാൽ ഇതിനോടൊന്നും താരം പ്രതികരിക്കാറില്ല. ഇപ്പോഴിതാ ജീവിതത്തിൽ കേൾക്കേണ്ടി വന്ന ഗോസിപ്പുകളെ കുറിച്ചും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് നിത്യ മേനോൻ. ആൾക്കൂട്ടത്തിനിടയിലും ഒറ്റയ്ക്ക് നിൽക്കാൻ വളരെ കംഫർട്ടബിൾ ആണ് നിത്യ മേനോൻ. അങ്ങനെ ഒറ്റക്ക് നിൽക്കുന്ന സമയത്താണ് ദൈവത്തെക്കുറിച്ചും മറ്റു ചിന്തകളും മനസ്സിലേക്ക് കടന്നു വരുന്നത്. അച്ഛനും അമ്മയും നിരീശ്വരവാദികൾ ആണെങ്കിലും നിത്യ അങ്ങനെയല്ല.
എന്ത് പേരിട്ട് വിളിച്ചാലും വിധിയിലും, ഈശ്വരനിലും ആചാരങ്ങളിലും വിശ്വസിക്കുന്ന ഒരു പഴഞ്ചനാണ് ഞാൻ എന്ന് നിത്യ പറയുന്നു. പൊക്കം കുറവാണെന്നും തടി കൂടുതലാണെന്നും ഉള്ള കമന്റുകൾ ഒന്നും താരത്തിനെ ബാധിക്കാറില്ല. കാരണം പെർഫോമൻസിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു മേഖലയിലാണ് നിത്യ ജോലി ചെയ്യുന്നത്. സൗന്ദര്യത്തിന് ഒരു പരിധി വരെ മാത്രമാണ് അവിടെ പ്രാധാന്യമുള്ളത്. അതുകൊണ്ട് അത്തരം കമന്റുകൾ കേട്ട് ഒന്നും വിഷമിക്കാറില്ല.
കഥാപാത്രത്തിന്റെ പ്രായം നോക്കിയല്ല, കഥ കേട്ട് ഇഷ്ടപ്പെട്ടാൽ ആണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. മുമ്പ് ചെയ്ത കഥാപാത്രങ്ങളുമായി സാമ്യം ഉണ്ടോ എന്ന് പോലും പലപ്പോഴും ചിന്തിക്കാറില്ല. ഗോസിപ്പുകളോട് പ്രതികരിക്കാറില്ലെങ്കിലും അത് മനസ്സിൽ ഉണ്ടാകുന്ന വേദനയ്ക്ക് ഒരു കുറവും ഉണ്ടാകാറില്ല എന്ന് താരം പങ്കു വെക്കുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ കർമഫലം കിട്ടും എന്ന് വിശ്വസിക്കുന്ന ആളാണ് നിത്യ.
നിത്യയ്ക്ക് പണ്ട് ഒരു സീരിയസ് ആയിട്ടുള്ള പ്രണയമുണ്ടായിരുന്നു. ആ പ്രണയം തകർന്നപ്പോൾ കടുത്ത വിഷാദത്തിലൂടെ ആയിരുന്നു താരം കടന്നു പോയത്. കുറച്ചു കാലത്തേക്ക് പുരുഷൻമാരോട് തന്നെ വെറുപ്പ് ആയിരുന്നു. പിന്നീടങ്ങോട്ട് പ്രണയങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഒരുപാട് ഗോസിപ്പുകൾ പ്രചരിച്ചു. തെലുങ്കിൽ ഒരു പ്രമുഖ നടന്റെ വിവാഹബന്ധം തകർന്നതിന്റെ മുഖ്യകാരണം നിത്യ ആണെന്ന് പ്രചരണങ്ങൾ വരെയുണ്ടായി.
ഇവർ ഒന്നിച്ചഭിനയിച്ച സിനിമ ആ കാലത്ത് റിലീസ് ചെയ്തത് കൊണ്ടാകാം അങ്ങനെ പ്രചരിച്ചത്. ഒരുപാട് വേദനിപ്പിച്ച ഒരു സംഭവമായിരുന്നു അത് എങ്കിലും ആരോടും ഒന്നും വിശദീകരിച്ചു. എന്നാൽ ആ വാർത്തകൾ സത്യമല്ലെന്ന് ഇതിനോടകം എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു. കാരണം അദ്ദേഹം വിവാഹമോചനം നേടിയിട്ടും ഇപ്പോഴും നിത്യയെ വിവാഹം കഴിച്ചിട്ടില്ലല്ലോ. വിവാഹം കഴിക്കാൻ വേണ്ടി മാത്രം വിവാഹിതയാവാൻ നിത്യയ്ക്ക് താല്പര്യമില്ല. ജീവിതത്തിൽ തനിക്ക് പറ്റിയ ഒരാളെ കണ്ടു കിട്ടിയാൽ വിവാഹം കഴിക്കാമെന്ന് മാത്രം എന്ന് നിത്യ മേനോൻ വ്യക്തമാക്കുന്നു.
