മലയാള സിനിമാപ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് സുരേഷ് ഗോപി.
ഒരുകാലത്ത് തീ പാറുന്ന ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച സൂപ്പർ താരമായിരുന്നു സുരേഷ് ഗോപി. പോലീസ് വേഷങ്ങൾ ഇതുപോലെ ചേരുന്ന മറ്റൊരു സൂപ്പർ താരം മലയാളത്തിൽ ഉണ്ടായിരുന്നില്ല. സുരേഷ്ഗോപിക്ക് ശേഷം ഒരുപാട് നടന്മാർ പിന്നീട് വന്നുവെങ്കിലും പഞ്ച് ഡയലോഗുകളും മാസ് ആക്ഷൻ രംഗങ്ങളും ചെയ്യാൻ സുരേഷ് ഗോപിയോളം വരില്ല ഇന്നും ആരും.
ആക്ഷൻ ചിത്രങ്ങൾ മാത്രമല്ല ഹൃദയഹാരിയായ കുടുംബ ചിത്രങ്ങളും പിന്നീട് നർമ്മം നിറഞ്ഞ കഥാപാത്രങ്ങളും അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു താരം. പിന്നീട് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത താരം 2020ൽ “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഉണ്ടായിരുന്നു.
മികച്ച ഒരു അഭിനേതാവ് മാത്രമല്ല തികഞ്ഞ ഒരു മനുഷ്യസ്നേഹി കൂടി ആണ് താരം. സുരേഷ് ഗോപി അവതരിപ്പിച്ച “നിങ്ങൾക്കുമാകാം കോടീശ്വരൻ” എന്ന ഷോയിലെ ഒരുപാട് പാവപ്പെട്ട മത്സരാർത്ഥികളെ താരം അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ സാമൂഹ്യ പ്രവർത്തനത്തെക്കുറിച്ചും ധാർമിക ബോധത്തെ കുറിച്ചും മലയാളികൾക്ക് അറിയാവുന്നതാണ്. സഹജീവികളോടുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ള താരം തന്റെ സേവനങ്ങൾ കൂടുതൽ ആളുകളിൽ എത്തിച്ചേരുവാൻ ആയി രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചിരുന്നു.
അഭിനയത്തിലും രാഷ്ട്രീയത്തിലും സജീവമായിട്ടുള്ള സുരേഷ് ഗോപിയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധികയെ. ഇവരുടെ മൂത്ത മകൻ ഗോകുൽ സുരേഷ് ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ്. മക്കളുടെയും രാധികയുടെയും വിശേഷങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മറ്റു താരങ്ങളെ അപേക്ഷിച്ച് പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് സുരേഷ് ഗോപി.
അതീവ സുന്ദരിയായ രാധിക ഒരു നല്ല ഗായിക കൂടിയാണ് എന്ന് പലർക്കും അറിയില്ല. ഇപ്പോഴിതാ രാധികയുടെ സംഗീത പാടവമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. രാധികയുടെ സ്വന്തം നാടായ തിരുവനന്തപുരത്ത് ആറ്റുകാൽ ക്ഷേത്രത്തിൽ രാധിക പാടിയ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. രാധികയും മറ്റു 13 പേരും അടങ്ങുന്ന വാനമ്പാടി എന്ന സംഘമാണ് ആറ്റുകാൽ അമ്മയുടെ നടയിൽ വെച്ച് ആലപിച്ചത്.
ഇവരുടെ ഗാനം ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. ബി എ മ്യൂസിക് കഴിഞ്ഞവരാണ് ഇവർ 13പേർ. പഠനത്തിനു ശേഷം വേർപിരിഞ്ഞ ഇവർ 2020ൽ വീണ്ടും ഒന്നിച്ചതോടെയാണ് അസുലഭമായ ഈ നിമിഷത്തിന് കാരണമായത്. 1985ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത “പറയാനും വയ്യ പറയാതിരിക്കാനും വയ്യ” എന്ന ചിത്രത്തിലെ “അങ്ങേക്കുന്നിങ്ങേക്കുന്നാന” എന്ന ഗാനം ആലപിച്ചത് രാധിക ആയിരുന്നു. സുരേഷ് ഗോപിയുമായുള്ള വിവാഹത്തിനു ശേഷം പിന്നണിഗാനരംഗത്ത് നിന്നും പിൻമാറുകയായിരുന്നു രാധിക. രാധികയുടെ അസാധ്യ ഗാനമികവ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
