12 കോടിയുടെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ ഭാഗ്യശാലി ആരായിരുന്നു എന്ന കാത്തിരിപ്പിലായിരുന്നു കേരളക്കര. ഓണം ബംബർ തന്റെ ടിക്കറ്റിന് ലഭിച്ചു എന്ന അവകാശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഒരു പ്രവാസി മലയാളി. ദുബായിൽ ഹോട്ടൽ ജീവനക്കാരൻ ആയ സൈദലവി ആണ് 12 കോടിയുടെ തിരുവോണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന അവകാശവാദവുമായി മുന്നോട്ടു വന്നിരിക്കുന്നത്. സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന് ആണ് സമ്മാനം ലഭിച്ചത് എന്ന് സൈദലവി പറയുന്നു. 11 വർഷത്തോളമായി ഗൾഫിൽ ജീവിക്കുന്ന സൈദലവി കഴിഞ്ഞ രണ്ടു വർഷമായി ഒരു ഹോട്ടലിൽ പാചകക്കാരന്റെ സഹായിയായി ജോലി ചെയ്യുകയാണ്. 12 കോടിയുടെ ഓണംബംബറിന്റെ വിജയിയെ കണ്ടെത്താൻ ഒരുപാട് ആശയക്കുഴപ്പങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് തന്റെ ടിക്കറ്റിനാണ് സമ്മാനമടിച്ചെന്ന് അവകാശവാദവുമായി സൈദലവി മുന്നോട്ട് വന്നത്.
കോഴിക്കോടുള്ള കൂട്ടുകാരൻ വഴിയായിരുന്നു സൈദലവി ടിക്കറ്റ് എടുത്തത്. വാട്സാപ്പിലൂടെയാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റിന്റെ വിവരങ്ങൾ ലഭിച്ചത്. 11നായിരുന്നു സുഹൃത്ത് ടിക്കറ്റെടുത്തു ടിക്കറ്റ് നമ്പർ വാട്സാപ്പിൽ അയച്ചുകൊടുത്തത്. അപ്പോൾ തന്നെ ഗൂഗിൾ പേ വഴി പണം നൽകുകയും ചെയ്തു. നിലവിൽ ടിക്കറ്റ് കൂട്ടുകാരന്റെ കൈവശം ആണുള്ളത്. ടിക്കറ്റ് വാങ്ങുവാൻ ആയി സൈദലവിയുടെ മകൻ സുഹൃത്തിന്റെ അടുത്തേക്ക് പോയ്കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ വീട്ടുകാരുടെ അടുത്ത് ടിക്കെറ്റെത്തും. പാലക്കാടിന് താമസിക്കുന്ന കൂട്ടുകാരൻ കോഴിക്കോട് ആണ് കച്ചവടം ചെയ്യുന്നത്. ഇരുപതാം വയസ്സു മുതൽ ലോട്ടറി ടിക്കറ്റ് സ്ഥിരമായി എടുക്കുന്ന ആളാണ് വയനാട് സ്വദേശിയായ സൈദലവി. വാടകയ്ക്ക് താമസിക്കുന്ന സൈദലവിക്ക് സ്വന്തമായി ഒരു വീടും സ്ഥലവും വേണം എന്നാണ് ആഗ്രഹം. ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഈ പണം ഉപയോഗിക്കുമെന്ന് സൈദലവി വ്യക്തമാക്കി. 12 കോടി ലഭിച്ചുവെങ്കിലും ഗൾഫിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോവാൻ ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് സൈദലവി വ്യക്തമാക്കി.
