Film News

‘ആണുങ്ങളല്ലേ… മിടുക്കൻമാരായാൽ അങ്ങനാ”, ഷിംന അസീസിന്റെ കുറിപ്പ് വൈറൽ!

ശരിക്കും പറഞ്ഞാൽ ആ ബ്ലാക്ക്‌ സ്‌കർട്ടും ഷർട്ടും ഷൂസുമൊക്കെ തലനാരിഴ കീറി ചർച്ച ചെയ്യുന്ന നേരത്ത്‌, നാലാളറിയാവുന്ന എസ്‌റ്റാബ്ലിഷ്‌ഡ്‌ ആയൊരു കുടുംബത്തിൽ നിന്ന്‌ ഇറങ്ങിപ്പോരാൻ അങ്ങേയറ്റം സ്‌ട്രഗിൾ ചെയ്‌ത്‌ തീരുമാനമെടുത്ത മഞ്‌ജുവിനെ ആരും കാണാത്തത്‌ എന്താണാവോ. സിനിമാനടന്റെ ഭാര്യ ആയാലും വേറെ ഏതൊരുത്തനെ സഹിക്കുന്നോളായാലും ‘ഇനി എനിക്ക്‌ വയ്യ’ എന്നുറപ്പിച്ച്‌ ഇറങ്ങിപ്പോന്ന്‌ കഴിഞ്ഞാൽ അവളോട്‌ സമൂഹം എജ്ജാതി ദ്രോഹങ്ങളാണ്‌ ചെയ്യുകയെന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ. അവരെക്കുറിച്ച്‌ കഥ കെട്ടി ചമക്കാൻ എക്‌സ്‌ ഭർത്താവും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും സഹപ്രവർത്തകരും ഒക്കെ തമ്മിൽ കോമ്പറ്റീഷൻ ആയിരിക്കും. “ആ മക്കളെ ഓർത്തൂടായിരുന്നോ അവൾക്ക്‌” എന്ന ക്ലീഷേ ചോദ്യവും ഉറപ്പ്‌. മക്കൾക്ക്‌ നൂറ്‌ രൂപയുടെ കളർബോക്‌സ്‌ വാങ്ങുന്നേന്‌ കണക്ക്‌ പറയുന്നവനായിരിക്കും ചിലപ്പോ മേൽ പറഞ്ഞ ബീജദാതാവ്‌. അതൊക്കെ ആർക്കറിയണം, ആണല്ലേ !!

ആണെപ്പോഴും ശരിയും പെണ്ണെപ്പോഴും പിശകുമായ ലോകമാണ്‌ ഈ 2021ലും. നേരെ മറിച്ച്‌ പെണ്ണിനെ കളയുന്ന ആണിന്‌ ചോദ്യോമില്ല ഉത്തരോമില്ല, ഒരു തേങ്ങേം കാണില്ല. തനിക്ക്‌ വേണ്ടി ഒരായുസ്സ്‌ കളഞ്ഞ പെണ്ണിനെ വലിച്ചെറിഞ്ഞ്‌ മൂന്നിന്റന്ന്‌ അയാൾ വേറൊരുത്തീടെ കൂടെ പൊറുതി തുടങ്ങിയാലും, ”ആണുങ്ങളല്ലേ… മിടുക്കൻമാരായാൽ അങ്ങനാ” എന്ന്‌ ഇതേ ഇരട്ടത്താപ്പൻ സമൂഹം പറയും. ഇങ്ങനെയൊക്കെയായിട്ടും, 42 വയസ്സായിട്ടും മഞ്‌ജു വാര്യർ നിന്ന്‌ ചിരിക്കുമ്പോ ചിലർക്കെല്ലാം പൊള്ളുന്നതേ, അവരുടെ ചെറുപ്പം കണ്ടിട്ട്‌ അസൂയ തോന്നീട്ടല്ല.അവർ പൊരുതി തോൽപ്പിച്ച ചില അരക്കിട്ടുറപ്പിച്ച വ്യവസ്‌ഥിതികളെ തോൽപ്പിക്കാൻ ബോധമുള്ള പെണ്ണുങ്ങൾ ധൈര്യത്തോടെ മുന്നിട്ട്‌ വരുമെന്ന്‌ ഭയന്നിട്ടാണ്‌. തങ്ങളുടെ സുഖങ്ങൾക്കായി ചവിട്ടി പിടിക്കുന്നിടത്തെ സഹനം വലിച്ചെറിഞ്ഞ്‌ കളഞ്ഞ്‌ പെണ്ണുങ്ങൾ ജീവിച്ച്‌ തുടങ്ങുമോ എന്ന ആധിയിൽ നിന്നുമുണ്ടാകുന്ന ഉള്ളിലെ ആന്തലിൽ നിന്നാണ്‌. അത്‌ കൊണ്ട്‌ തന്നെ കറുത്ത മിഡിയും വെള്ള ഷൂസുമൊന്നുമല്ല വിഷയം, മഞ്‌ജു വാര്യരുമല്ല വിഷയം. അവരുടെ ചിരിയിലെ തെളിച്ചമാണ്‌. ഗ്രേറ്റ്‌ കിച്ചനിന്റെ ക്ലൈമാക്‌സിൽ നിമിഷ സജയൻ റീലിൽ കാണിച്ചതിന്റെ റിയൽ ലൈഫ്‌ വേർഷൻ. ജീവിക്കാൻ തീരുമാനിച്ചിറങ്ങിയ പെണ്ണിന്റെ ചിരി.

Most Popular

To Top