സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ധാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആയിരുന്നു പരീക്ഷ ഉപേക്ഷിക്കുന്നു എന്ന് തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം ഏഴ് കേന്ദ്രമന്ത്രിമാരും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രധാനമന്ത്രിയുടെ യോഗത്തിൽ വച്ചായിരുന്നു പരീക്ഷയെ കുറിച്ചുള്ള അന്തിമ തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. സി ഐ എസ് സി ഈ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഇതിനോടൊപ്പം റദ്ദാക്കി.
വസ്തുനിഷ്ഠമായ മൂല്യനിർണയത്തിന് ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് സർക്കാർ വ്യക്തമാക്കി. 9,10,11 ക്ലാസുകളിലെ മാർക്സിനെയും പ്രകടനം മികവിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പന്ത്രണ്ടാം ക്ലാസിലെ സ്കോർ നിശ്ചയിക്കുക എന്നാണ് സൂചനകൾ പുറത്തുവരുന്നത്. സ്കോർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പിന്നീട് അവസരം നൽകുമെന്നും കേന്ദ്ര സർക്കാർ ഉറപ്പു നൽകി. വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷക്കും പ്രഥമ പരിഗണന നൽകിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പലയിടങ്ങളിലും ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളെ സമ്മർദ്ദത്തിൽ ആക്കുകയാണ് ചെയ്യുക.
സമ്മർദ്ദത്തിലായ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഹാജരാകാൻ നിർബന്ധിക്കരുത് എന്ന് കരുതിയാണ് ഇത്തരത്തിലൊരു തീരുമാനം മോദി സർക്കാർ സ്വീകരിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്കണ്ഠ മനസ്സിലാക്കിയാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു തീരുമാനം എടുത്തത്. മെയ് മാസത്തിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ കോവിഡ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. ഡൽഹി, ഗോവ, മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങൾ പരീക്ഷ നടത്തണമെന്ന് ആവശ്യമായി മുന്നോട്ടുവന്നിരുന്നു. ഒബ്ജക്ടീവ് മാതൃകയിലോ പരീക്ഷയുടെ സമയം കുറച്ചു കൊണ്ടോ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് പരിഗണന ഉണ്ടായിരുന്നെങ്കിലും വിഷയം സുപ്രീംകോടതിയിൽ എത്തിയതോടെ ഇത്തരത്തിലൊരു തീരുമാനം എടുക്കുകയായിരുന്നു.
14 ലക്ഷം വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞവർഷം ഭാഗികമായി റദ്ദാക്കി എങ്കിലും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂർണമായും റദ്ദാക്കുന്നത് ഇതാദ്യമായിട്ടാണ്. പരീക്ഷകൾ റദ്ദാക്കിയിട്ടും ആശങ്കയിലാണ് വിദ്യാർത്ഥികൾ. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ പ്ലസ് ടു പരീക്ഷ നടത്തി കഴിഞ്ഞതിനാൽ അതിന്റെ ഫലം വന്നാൽ ബിരുദപ്രവേശനം തുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ. കഴിഞ്ഞ വർഷം റദ്ദാക്കിയ പരീക്ഷകൾക്ക് സ്കൂളിൽ നടത്തിയ മൂന്നു പരീക്ഷകളുടെ മാർക്ക് നോക്കി ഗ്രേഡ് നിശ്ചയിക്കുകയായിരുന്നു. എന്നാൽ ഇത്തവണ പരീക്ഷ മുഴുവൻ റദ്ദാക്കുമ്പോൾ ജെഇഇ മെയിൻ പോലെയുള്ള പരീക്ഷകൾക്ക് പ്ലസ് ടു മാർക്ക് കൂട്ടും എന്നത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിൽ ആക്കുന്നു. എംബിബിഎസ് പ്രവേശനത്തിന് ബയോളജി, ബയോടെക്‌നോളജി മാർക്കും പരിഗണിക്കും.
