General News

പച്ചക്കറി വില്പനയിൽ മാതാപിതാക്കളെ സഹായിക്കുന്നതിനിടയിൽ പഠിച്ചു കൊണ്ട് എയർനോട്ടിക്കൽ എഞ്ചിനിയറിങ്ങിൽ ഫസ്റ്റ് റാങ്ക് നേടിയ ലളിതയുടെ വിജയകഥ

പണമില്ലാത്തവർക്കും സ്വപ്നം കാണാൻ അവകാശം ഉണ്ട്. ആത്മവിശ്വാസവും, കഠിനാധ്വാനം ചെയ്യാനുള്ള ഉറച്ച ഒരു മനസും ഉണ്ടെങ്കിൽ ജീവിതം മുന്നിലേക്ക് വയ്ക്കുന്ന ഏത് പ്രതിസന്ധികളെയും തരണം ചെയ്‌ത്‌ ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യാം. അങ്ങനെ ഒരുപാട് സാധാരണക്കാരുടെ ജീവിത വിജയ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇവരുടെ വിജയ കഥകൾ ഒരുപാട് പാവപ്പെട്ടവർക്ക് ഉള്ള പ്രചോദനം ആണ്. തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിൽ വലിയ നേട്ടങ്ങൾ നേടാൻ കഴിയില്ലെന്ന് കരുതുന്ന ഒരുപാട് ജീവിതങ്ങൾക്ക് ഇവരുടെ കഥകൾ വെളിച്ചം വീശുന്നു.

ഇന്ന് വിവിധ മേഖലകളിൽ വിജയം നേടിയിട്ടുള്ള പല പ്രമുഖരും പട്ടിണിയും ദാരിദ്ര്യവും അറിഞ്ഞ് വളർന്നിട്ടുള്ളവർ ആണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ അതിൽ നിന്നും ഊർജം ഉൾകൊണ്ട് നല്ല ഒരു ഭാവിക്ക് വേണ്ടി അഹോരാത്രം പ്രയത്നിച്ച് ആണ് അവർ ഇന്ന് കാണുന്ന സൗഭാഗ്യങ്ങൾ നേടിയെടുത്തത്. അത്തരത്തിൽ ഒരു വിജയ കഥ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ നാല് വർഷങ്ങളായി ലളിത ആർ അവലി എന്ന 22 കാരി എഴുന്നേൽക്കുന്നത് പുലർച്ചെ 4 മണിക്കാണ്.

എയർനോട്ടിക്കൽ എഞ്ചിനിയറിങ്ങിൽ ഒന്നാം റാങ്ക് നേടിയ ഈ മിടുക്കി അതിരാവിലെ എഴുന്നേറ്റ് പഠനം കഴിഞ്ഞ് പച്ചക്കറി വില്പനയ്ക്കായി മാതാപിതാക്കളെ സഹായിക്കുന്നതാണ് പതിവ്. കർണാടകയിലെ ചിത്രദുർഗയിൽ കിളിയൂർ സ്വദേശികളായ രാജേന്ദ്രയുടെയും ചിത്രയുടെയും മകൾ ലളിത ആണ് ഇപ്പോൾ ആ നാടിന് അഭിമാനവും ഒരുപാട് വിദ്യാർത്ഥികൾക്ക് പ്രചോദനവും ആയി മാറിയിരിക്കുന്നത്. പച്ചക്കറി വില്പനയ്ക്ക് സഹായിക്കുന്നതിനോടൊപ്പം അവിടെ ഇരുന്ന് പഠിക്കുകയും ചെയ്യും ലളിത.

രാവിലത്തെ കച്ചവടം കഴിഞ്ഞാണ് ഈസ്റ്റ് എയർനോട്ടിക്കൽ എൻജിനിയറിങ് കോളേജിലേക്ക് ലളിത പോകുന്നത്. ക്ലാസ് കഴിഞ്ഞു വീണ്ടും കച്ചവടത്തിലേക്ക്. ഇതാണ് ലളിതയുടെ ജീവിതം. ബലംകാവിലെ വിശ്വേശ്വരയ്യ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജിൽ ആണ് ലളിത പഠിക്കുന്നത്. ഈ കഷ്ടപ്പാടുകൾക്കിടയിലും, കച്ചവടത്തിനിടയിൽ കിട്ടുന്ന സമയത്തിൽ പഠിച്ചു കൊണ്ട് ലളിത നേടിയെടുത്ത വിജയം ചെറുതല്ല.

കഴിഞ്ഞ വർഷത്തെ ഫലം വന്നപ്പോൾ 9.75 നേടി ഫസ്റ്റ് റാങ്ക് നേടി ലളിത.ഗേറ്റ് പരീക്ഷയിൽ 707 സ്‌കോർ ആണ് ഈ മിടുക്കി നേടിയത്. ഇതോടെ കുടുംബത്തിലെ ആദ്യ എൻജിനിയർ ആയി മാറിയിരിക്കുകയാണ് രാജേന്ദ്രയുടെ മൂത്ത മകൾ ആയ ലളിത. മകളുടെ അത്യുജ്വല വിജയത്തിൽ സന്തോഷാശ്രുക്കൾ പൊഴിക്കുകയാണ് ഈ മാതാപിതാക്കൾ. പച്ചക്കറി വില്പന നടത്തുന്ന ഈ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശം ആയിരുന്നെങ്കിലും മകളുടെ പഠനത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചകളും ചെയ്തിട്ടില്ല ഈ മാതാപിതാക്കൾ.

40 വർഷത്തോളം പച്ചക്കറി വില്പന നടത്തുന്ന ഈ കുടുംബം രാപ്പകൽ അധ്വാനിച്ച് ആണ് മകളെ പഠിപ്പിക്കുന്നത്. ലളിതയുടെ പഠന മികവ് കണ്ടിട്ട് കോളേജ് അധികൃതർ ഹോസ്റ്റലിൽ ഫീസ് വേണ്ടെന്നു വെക്കുകയും ഇളവുകൾ നൽകുകയും ചെയ്തു. തന്റെ വിജയത്തിൽ മാതാപിതാക്കൾക്കൊപ്പം തന്നെ കോളേജ് അധികൃതർക്കും നന്ദി പറയുന്നു ലളിത. ഐഐടി, ഐഐഎം പോലെയുള്ള ഉന്നത സ്ഥാപനങ്ങളിൽ നിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടണം എന്നാണ് ലളിതയുടെ ആഗ്രഹം.

ഒരുപാട് കഷ്ടപ്പാടുകളിൽ നിന്ന് ഐഎസ്ആർഒ മേധാവിയായ കെ ശിവനാണ് ലളിതയുടെ റോൾമോഡൽ. ഒരു സ്പേസ് സയന്റിസ്റ്റ് ആയി ഐഎസ്ആർഒയുടെ ടിആർഓയിൽ ജോലി ചെയ്യണമെന്നാണ് ലളിതയുടെ സ്വപ്നം. തന്റെ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ എത്രവേണമെങ്കിലും കഷ്ടപ്പെടാൻ തയ്യാറാണ് ലളിത. സ്വന്തം പെണ്മക്കളെ ഭാരമായി കരുതി വിദ്യാഭ്യാസം പോലും നൽകാതെ വേഗം വിവാഹം കഴിപ്പിച്ചു വിടുന്ന ഒരുപാട് മാതാപിതാക്കൾക്ക് മാതൃകയാവുകയാണ് ലളിതയുടെ മാതാപിതാക്കൾ. ലളിതയുടെ വിജയം അവരുടേത് കൂടിയാണ്.

Most Popular

To Top