മലയാള സിനിമാചരിത്രത്തിൽ തന്നെ തീരാകളങ്കം ആയി മാറിയ സംഭവം ആയിരുന്നു 2017ൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടത്.
കേസിൽ ജനപ്രിയ നടൻ ദിലീപ് അറസ്റ്റിലായത് ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കി. ഈ കേസിന്റെ തുടക്കം കാലം മുതൽക്കേ ഉയർന്നു വന്ന പേരായിരുന്നു ദിലീപിന്റേത്. അഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ മറ്റൊരു കേസും കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. സമൂഹത്തിൽ ഇത്രയേറെ അറിയപ്പെടുന്ന ഒരു താരത്തിന് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത് ഞെട്ടലോടെയാണ് മലയാളികൾ ഏറ്റെടുത്തത്.
അഞ്ചു വർഷം പിന്നിട്ടിട്ടും ഇപ്പോഴും നടിക്ക് നീതി ലഭിക്കാതെ വരുമ്പോൾ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും എന്ന ആശങ്കയും സമൂഹം ഉന്നയിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഒരുപാട് പെൺകുട്ടികൾ ലൈംഗിക ചൂസനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ടെങ്കിൽ വളരെ കുറച്ചു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തങ്ങളുടെ അനുഭവം പരാതിപ്പെടുന്ന പെൺകുട്ടികളെ ഇരയെന്ന് മുദ്ര കുത്തി വീണ്ടും വീണ്ടും സമൂഹം പീഡിപ്പിക്കുമ്പോൾ എങ്ങനെയാണ് പെൺകുട്ടികൾക്ക് നീതിക്ക് വേണ്ടി പോരാടാൻ ഉള്ള ധൈര്യം ലഭിക്കുക?
തെന്നിന്ത്യൻ സിനിമയിൽ മുഴുവനും അറിയപ്പെടുന്ന നടി ആയിരുന്നിട്ടും വളരെ കഠിനകരമായ ദുരനുഭവങ്ങൾ ആയിരുന്നു താരത്തിനും നേരിടേണ്ടി വന്നത്. ഇര എന്ന് സമൂഹവും മാധ്യമങ്ങളും മുദ്ര കുത്തുമ്പോൾ താൻ ഇര അല്ലെന്നും അതിജീവിത ആണെന്നും നടി പറയുന്നു. അഞ്ചു വർഷം നീണ്ട ഈ പോരാട്ടം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. സമൂഹ മാധ്യമങ്ങളിൽ പോലും സംഘടിത ആക്രമണം നടിക്ക് നേരെ ഉണ്ടായിരുന്നു.
WCC അടക്കം ഒരുപാട് താരങ്ങളും തന്നെ പിന്തുണച്ചിരുന്നു എന്നും അതിജീവിത വെളിപ്പെടുത്തി. എന്നാൽ ഇപ്പോഴും ഭയമുണ്ട് എന്ന് താരം അടുത്തിടെ നൽകിയ ഒരു ഓൺലൈൻ അഭിമുഖത്തിൽ പ്രതികരിച്ചു. സംഭവം നടന്ന് അഞ്ചു വർഷങ്ങൾ പിന്നിടുമ്പോഴും, മാധ്യമങ്ങളിൽ സജീവമായിരുന്ന ആക്രമിക്കപ്പെട്ട നടി യാതൊന്നും പുറത്തു വിട്ടിരുന്നില്ല. ഇത് ആദ്യമായിട്ടാണ് താരം തനിക്ക് ഉണ്ടായ ദുരനുഭവങ്ങൾ കുറിച്ച് മനസ് തുറക്കുന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആക്രമിക്കപ്പെട്ട നടി ഇക്കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തിയത്. കോടതിയിലെ വിചാരക്കാലത്ത് ആണ് താൻ ഇരയല്ല അതിജീവിതയാണെന്ന് താരം തിരിച്ചറിയുന്നത്. തന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കുമായിരുന്നില്ല എന്ന് നടി വികാരാധീനയായി പറയുന്നു. സമൂഹ മാധ്യമങ്ങളിൽ നടിക്കെതിരെ നടന്ന വ്യാപകമായ സൈബർ ആക്രമണങ്ങൾക്കിടയിൽ മരിച്ചു കൂടെ എന്ന് ചോദിച്ചവരുണ്ട്.
ഇത് നടിയെ മാനസികമായി ഒരുപാട് തളർത്തിയിരുന്നു. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ തന്നെ കുറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് സ്വയം ചോദിച്ചിരുന്നു എന്നും നടി വെളിപ്പെടുത്തി. ഈ കേസ് നടി കെട്ടിച്ചമച്ചതന്നെന്ന് വരെ ആരോപണങ്ങൾ ഉയർന്നിരുന്നു. കേസിന് ശേഷം ഒരുപാട് അവസരങ്ങൾ ആണ് തനിക്ക് നഷ്ടപ്പെട്ടത് എന്നും താരം വെളിപ്പെടുത്തി. എങ്കിലും പൃഥ്വിരാജ്, ജയസൂര്യ, ആഷിഖ് അബു, ഷാജി കൈലാസ് എന്നിവർ തനിക്ക് അവസരങ്ങൾ നൽകി ക്ഷണിച്ചിരുന്നു എന്നും നടി വെളിപ്പെടുത്തി.
അവസരങ്ങൾ ലഭിച്ചെങ്കിലും തിരിച്ചു വരാൻ ഭയം ആയിരുന്നു എന്നും ഒന്നും സംഭവിക്കാത്തത് പോലെ നിൽക്കാൻ അറിയില്ലായിരുന്നു എന്നും നടി പ്രതികരിച്ചു. വിചാരണയുടെ ആ പതിനഞ്ചു നാളുകൾ ഏറെ കഠിനകരമായിരുന്നു എന്നും തന്റെ ഭാഗം ആണ് ശരി എന്ന് തെളിയിക്കാൻ ഓരോ നിമിഷം ബുദ്ധിമുട്ടി എന്നും നടി പറയുന്നു. വിചാരണക്കാലത്ത് പൂർണമായും ഒറ്റപ്പെട്ട നടി ഇത് തന്റെ മാത്രം പോരാട്ടം ആണെന്ന് തിരിച്ചറിയുകയായിരുന്നു.
ഈ പോരാട്ടം ഏറെ കഠിനകരം ആണെങ്കിലും ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരും എന്ന് പറഞ്ഞു കൊണ്ടായിരുന്നു നടി അഭിമുഖം അവസാനിപ്പിച്ചത്. ആക്രമിക്കപ്പെട്ടതിന് ശേഷം ഇത് ആദ്യമായിട്ടാണ് സംഭവത്തിനെ കുറിച്ച് ഇത്ര വിശദമായി ഒരു മാധ്യമത്തിന് മുന്നിൽ നടി പ്രതികരിക്കുന്നത്. നിയമപരമായി ചില നിയന്ത്രണങ്ങൾ ഉള്ളതിനാൽ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ കഴിയില്ലെന്നും താരം വെളിപ്പെടുത്തി.
