വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ ചില വാർത്തകൾ ശ്രദ്ധേയമാകുന്നത്. ഇതോടെ സാധാരണക്കാരായ ചിലർ സെലിബ്രിറ്റികൾ ആവുന്നു. അവരുടെ ജീവിതം തന്നെ മാറിമറിയുന്നു. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ഒരു സംഭവമായിരുന്നു കോളേജ് യൂണിഫോമിൽ പാലാരിവട്ടം തമ്മനം ജംഗ്ഷനിൽ മീൻ വിറ്റ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും. പഠനത്തോടൊപ്പം ഉപജീവനത്തിനായി മീൻ വിൽക്കാനെത്തിയ ഹനാൻ എന്ന പെൺകുട്ടിയെ മലയാളികൾ മറക്കാനിടയില്ല. വളരെ പെട്ടെന്നാണ് ഹനാന്റെ ചിത്രങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് സഹതാപത്തിന്റെ വാർത്തകളും അഭിനന്ദനങ്ങളുടെ സന്ദേശങ്ങളും സഹായഹസ്തങ്ങളും ആയിരുന്നു ഹനാനിനെ തേടിയെത്തിയത്.
ചാനലുകളിലെല്ലാം ഹനാൻ നിറഞ്ഞു നിന്നു. എന്നാൽ വാനോളം പുകഴ്ത്തിയവർ തന്നെ അടുത്ത ദിവസം ഹനാനിനെ വലിച്ചു താഴെ ഇടുന്ന കാഴ്ചയായിരുന്നു കാണാൻ സാധിച്ചത്. സമൂഹ മാധ്യമങ്ങളിൽ വൈറലായതെല്ലാം നുണക്കഥകൾ ആണ് എന്ന് ആരോപിച്ച് ഹനാനെ അധിക്ഷേപിക്കുകയും അസഭ്യം പറയുന്ന കുറിപ്പുകളും ആയിരുന്നു പിന്നീട് നിറഞ്ഞത്. ഹനാനെതിരെ ഒരുപാട് സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഉയർന്നു. ഒരുകാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പേരായിരുന്നു ഹനാൻ. എന്നാൽ പിന്നീട് ഹനാനിനെ കുറിച്ച് മലയാളികൾക്ക് യാതൊരു വിവരവും ഉണ്ടായില്ല. ജീവിതത്തിൽ പൊരുതാൻ തീരുമാനിച്ചിരുന്ന ഹനാനിനു മുമ്പിൽ വിധി വീണ്ടും വെല്ലുവിളികൾ സൃഷ്ടിക്കുകയായിരുന്നു.
വാഹനാപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കുപറ്റി ഒരുപാടുകാലം ചികിത്സയിലായിരുന്നു ഹനാൻ. ഇതിനെ തുടർന്ന് ഒരു വർഷത്തെ പഠനകാലം ആണ് നഷ്ടമായത്. കെമിസ്ട്രിയിൽ ബിരുദപഠനം പൂർത്തിയാക്കിയ ഹനാൻ ഇപ്പോൾ സംഗീതത്തിൽ ബിരുദ വിദ്യാർഥിനിയാണ്. സംഗീതത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ഈ കോഴ്സ് തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ വാഹനാപകടത്തെ തുടർന്ന് നട്ടെല്ലിന്റെ മധ്യഭാഗത്ത് പരിക്കുപറ്റിയതോടെ തബല എടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. മീൻ വിൽപനയെയും ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. മാർക്കറ്റിൽ പോയി മീൻ എടുക്കാനോ രണ്ടു കിലോ ഭാരം പോലും ഉയർത്താനും ഹനാനു സാധിക്കില്ല. അധികഭാരം ഉയർത്തരുത് എന്ന് ഡോക്ടർമാർ നിർദ്ദേശം പറഞ്ഞതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. സഹായം എന്ന പേരിൽ ഒരുപാട് വാഗ്ദാനങ്ങൾ തേടിയെത്തുന്നു ഉണ്ടെങ്കിലും പല ചെക്കുകളും മടങ്ങുന്നതാണ് പതിവ്. എന്നാൽ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ജീവിതത്തോട് പോരാടി ജീവിക്കുകയാണ് ഹനാൻ. മുമ്പ് അയേൺ ഗേൾ എന്ന് വിളിച്ചവർ ഇപ്പോൾ നടുവൊടിഞ്ഞ കുട്ടി എന്ന കളിയാക്കുമ്പോഴും അതിൽ തളരാതെ ജീവിതത്തോട് പോരാടുകയാണ് ഹനാൻ.
