ബീച്ചുകളിലും റോഡുകളിലും ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും, കൈതച്ചക്കയും എല്ലാം കാണുമ്പോൾ വായിൽ വെള്ളമൂറി കൊണ്ട് അതെല്ലാം നുണയാൻ പോകുന്നവരാണ് നമ്മളിൽ പലരും.
ഒരുപാട് ഫുഡ് വ്ലോഗർമാർ ഇതെല്ലാം കാണിച്ചു കൊതി വന്നു ഇതെല്ലാം തേടി പോകാറുമുണ്ട് പലരും. ഇപ്പോഴിതാ പഠനയാത്രയ്ക്ക് കോഴിക്കോടെത്തിയ രണ്ട് കുട്ടികൾക്ക് ഉണ്ടായ ദുരനുഭവം ആണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.
കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ടത് വിൽക്കുന്ന കടയിലാണ് സംഭവം നടന്നത്. കടയിൽ നിന്നും ഉപ്പിലിട്ടത് കഴിച്ച് എരിവ് കൂടിയപ്പോൾ അടുത്തു കണ്ട കുപ്പിയിൽ വെള്ളം ആണെന്ന് കരുതി കുട്ടി എടുത്തു കുടിക്കുകയായിരുന്നു. എന്നാൽ രാസവസ്തു അടങ്ങിയ കുപ്പി ആയിരുന്നു അത്. കുപ്പിയിൽ ഉള്ള രാസവസ്തു കുടിച്ചതോടെ കുട്ടിയുടെ വായ പൊള്ളി. വായ പൊള്ളിയതും വായയ്ക്ക് അകത്തുള്ളത് കുട്ടി അടുത്തുള്ള കുട്ടിയുടെ ദേഹത്തേക്ക് ശർദ്ദിച്ചു.
ഇതോടെ മറ്റേ കുട്ടിയുടെ ദേഹത്തും പൊള്ളലേറ്റു. കാസർകോട് തൃക്കരിപ്പൂർ സ്വദേശികളായ മുഹമ്മദ് (14), സബീദ് (14) എന്നിവർക്കാണ് രാസവസ്തു കുടിച്ചു പൊള്ളലേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് വിധേയമാക്കിയതിനുശേഷം കാസർഗോഡിലേക്ക് കൊണ്ടു പോയി. നിലവിൽ കാസർഗോഡ് ചികിത്സയിൽ തുടരുകയാണ് രണ്ടു പേരും. മദ്രസ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികൾ കാസർഗോഡ് നിന്നും കോഴിക്കോട് എത്തിയത്.
ഇതോടെയാണ് ഉപ്പിലിട്ടതിനു പിന്നിലുള്ള രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. ബീച്ചിലെ ഉപ്പിലിട്ടതിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നവരാണ് പലരും. എന്നാൽ മനുഷ്യ ശരീരത്തിന്റെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിക്കുന്ന ഒരുപാട് രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല. ഉപ്പിലിട്ടത് വേഗം പാകമാകുവാൻ ആസിഡ് അടക്കം ഉള്ള രാസവസ്തുക്കൾ ആണ് ഉപയോഗിക്കുന്നത് എന്ന് നഗരത്തിൽ വ്യാപകമായി പരാതികൾ ഉയരുന്നുണ്ട്.
അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു രീതിയിലുള്ള പരിശോധനകളും നടക്കാത്തതിനാൽ ഇത്തരത്തിലുള്ള മായം ചേർക്കൽ വ്യാപകമായിരിക്കുകയാണ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു മുമ്പ് ഉന്ത് വണ്ടികളിലും പെട്ടിക്കടകളിലും വിൽക്കുന്ന ഉപ്പിലിട്ട സാധനങ്ങളിൽ ബാറ്ററിയുടെ വെള്ളം ഒഴിക്കുന്നുണ്ട് എന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ഉപ്പിലിടുന്ന വസ്തു പെട്ടെന്ന് ചീഞ്ഞ് ഉപ്പു പിടിക്കാനാണ് ബാറ്ററി വെള്ളം ഉപയോഗിക്കുന്നത് എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ കോഴിക്കോട് ബീച്ചിൽ എവിടെയും ബാറ്ററിയുടെ വെള്ളം ഉപയോഗിക്കുന്നില്ലെന്നും അനുവദനീയമായ അളവിൽ വിനാഗിരി മാത്രമാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു കച്ചവടക്കാർ അന്ന് പറഞ്ഞത്
